UAE
ദുബൈ മെട്രോക്ക് ഇന്ന് 14 വയസ്
UAE

ദുബൈ മെട്രോക്ക് ഇന്ന് 14 വയസ്

Web Desk
|
9 Sep 2023 6:45 PM GMT

2009 സെപ്തംബർ ഒമ്പതിനാണ് ദുബൈ മെട്രോ ഓട്ടമാരംഭിച്ചത്

ദുബൈ മെട്രോക്ക് ഇന്ന് 14 വയസ്. 2009 സെപ്തംബർ ഒമ്പതിന് ഓട്ടമാരംഭിച്ച ദുബൈ മെട്രോ സമയനിഷ്ഠയുടെ കാര്യത്തിൽ ഇപ്പോഴും 99 ശതമാനത്തിലേറെ കൃത്യത പുലർത്തുന്നുവെന്നാണ് കണക്ക്. ദുബൈ മെട്രോയുടെ കാര്യക്ഷമത നിലനിർത്തുന്നതിന് നടത്തുന്ന അറ്റകുറ്റപണികളുടെ വിശദാംശങ്ങളും ആർ ടി എ പങ്കുവെച്ചു.

ദുബൈ നഗര ജീവിതത്തിന് വേഗവും കുതിപ്പും നൽകിയ ദുബൈ മെട്രോ കഴിഞ്ഞ 14 വർഷത്തിനിടെ കോടിക്കണക്കിന് യാത്രക്കാരുമായി പത്തുലക്ഷത്തിലേറെ കിലോമീറ്റർ ഓടിയിരിക്കുന്നു. പക്ഷെ, സമയം പാലിക്കുന്നതിൽ ഇപ്പോഴും 99.7 ശതമാനം കൃത്യതയുണ്ട് ഈ ട്രെയിനുകൾക്ക്. സുഗമമായ സർവീസ് ഉറപ്പാക്കാൻ 1 കോടി 68 ലക്ഷം തൊഴിൽ മണിക്കൂർ അറ്റകുറ്റപണിക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് ആർ.ടി.എ വ്യക്തമാക്കുന്നു.

റെയിലുകൾ, തുരങ്കങ്ങൾ, ട്രെയിനുകൾ, ഗാരേജുകൾ എന്നിവയുടെ അറ്റകുറ്റപണികൾക്കാണ് കൂടുതൽ സമയം ചെലവിട്ടത്. ഓരോ രണ്ടാഴ്ചയിലും സംവിധാനങ്ങളുടെ മികവ് പരിശോധിച്ച് ഉറപ്പുവരുത്തും. അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. റെഡ് ഗ്രീൻ ലൈനുകളിലായി 12.34 കോടിപേർ യാത്രചെയ്തുവെന്നാണ് ആർ.ടി.എയുടെ കണക്ക്.

Related Tags :
Similar Posts