ഈദ് ആഘോഷം; നഗര ശുചിത്വം ഉറപ്പാക്കാൻ മുന്നൊരുക്കവുമായി ദുബൈ മുൻസിപ്പാലിറ്റി
|നഗരത്തിന്‍റെ പൊതുശുചിത്വം ഉറപ്പുവരുത്തി താമസക്കാർക്കും സന്ദർശകർക്കും സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കാനുള്ള മുന്നൊരുക്കങ്ങളാണ്പ്രധാനമായും പൂർത്തിയാക്കിയത്.
ദുബൈ: ചെറിയ പെരുന്നാൾ ആഘോഷം ആഹ്ലാദകരമാക്കാൻ നഗരത്തിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കി ദുബൈ മുനിസിപാലിറ്റി. നഗരത്തിന്‍റെ പൊതുശുചിത്വം ഉറപ്പുവരുത്തി താമസക്കാർക്കും സന്ദർശകർക്കും സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കാനുള്ള മുന്നൊരുക്കങ്ങളാണ്പ്രധാനമായും പൂർത്തിയാക്കിയത്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് 2,300 മുനിസിപാലിറ്റി ജീവനക്കാരും 650 സ്വകാര്യ മേഖലയിലെ തൊഴിലാളികളും പങ്കാളികളാകും. ശുചീകരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും 250 സൂപ്പർവൈസർമാരെയും നിയമിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിച്ചേരാറുള്ള ബീച്ചുകളിൽ പ്രവർത്തിക്കുന്നതിന് 84അംഗ ഫീൽഡ് ടീമംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളെ സഹായിക്കുന്നതിന് 752വാഹനങ്ങളും മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുമുണ്ടെന്നും അധികൃതർ അറിയിച്ചു.
നഗരത്തിലെ റോഡുകൾ, ഹൈവേകൾ, റെസിഡൻഷ്യൽ ഏരിയകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ശുചിത്വം ഉറപ്പുവരുത്തുന്ന രീതിയിലാണ് പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർ നഗരത്തിലെ വിവിധ ടൂറിസ്റ്റ്, ഇൻഡസ്ട്രിയൽ, മരുഭൂമി മേഖലകളിലാണ്പ്രവർത്തിക്കുക.
ശുചീകരണ പ്രവർത്തനങ്ങൾക്ക് സജ്ജീകരിച്ചവയിൽ 311എണ്ണം ഹെവി വാഹനങ്ങളാണ്. 158 ചെറിയ വാഹനങ്ങൾ, 176 വാടക വാഹനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. മൂന്നു ശിഫ്റ്റുകളിലായാണ് തൊഴിലാളികൾ നഗര ശുചീകരണം പൂർത്തിയാക്കുക.