നിർമാണ വസ്തുക്കൾ റോബോട്ട് പരിശോധിക്കും; പുതിയ സംവിധാനവുമായി ദുബൈ നഗരസഭ
|ദുബൈ മുനിസിപ്പാലിറ്റിയുടെ സെൻട്രൽ ലബോറട്ടറിയാണ് പരിശോധനക്ക് റോബോട്ടുകളെ രംഗത്തിറക്കിയത്
ദുബൈയിൽ നിർമാണ സാമഗ്രികളുടെ ഗുണമേൻമ പരിശോധിക്കാൻ ഇനി എ ഐ റോബോട്ടുകൾ. ദുബൈ മുനിസിപ്പാലിറ്റിയുടെ സെൻട്രൽ ലബോറട്ടറിയാണ് പരിശോധനക്ക് റോബോട്ടുകളെ രംഗത്തിറക്കിയത്.
ഈ എ എ റോബോട്ടുകൾ ചില്ലറക്കാരല്ല. നാല് ദിവസം കൊണ്ട് നടത്തേണ്ട പരീക്ഷണങ്ങൾ എട്ട് മിനിറ്റ് കൊണ്ട് പൂർത്തിയാക്കി ഫലം കൈയിൽ തരും. ദുബൈയിൽ നിർമാണത്തിന് ഉപയോഗിക്കുന്ന സിമന്റ് അടക്കമുള്ള വസ്തുക്കൾ ഗുണമേൻമാ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. എക്സ്റേ അടക്കം ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങൾ എ ഐ റോബോട്ടുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കും. ഇതോടെ ദിവസം നടത്തുന്ന സാമ്പിൾ പരിശോധനയുടെ അളവ് 650 ശതമാനം വരെ ഉയർത്താനാവുമെന്നാണ് ദുബൈ സെൻട്രൽ ലബോറട്ടറിയുടെ പ്രതീക്ഷ.
പരിശോധനാഫലം വളരെ പെട്ടെന്ന് മൊബൈൾ ഫോണിലേക്കും, ടാബുകളിലേക്കും എത്തും. നേരത്തേയുള്ള സംവിധാനങ്ങളേക്കാൾ കൂടുതൽ കുറ്റമറ്റതായിരിക്കും എ ഐ റോബോട്ടുകൾ നൽകുന്ന പരിശോധനാ ഫലമെന്ന് ദുബൈ സെൻട്രൽ ലാബ് ആക്ടിങ് ഡയറക്ടർ ഹിന്ദ് മഹമൂദ് അഹമ്മദ് പറഞ്ഞു.