ദുബൈ പൊലീസ് പണമടച്ചു;17 തടവുകാർക്ക് മോചനം, 35 തടവുകാർക്ക് ടിക്കറ്റ്
|വിവിധ ചാരിറ്റി സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 9,53,965 ദിർഹം കണ്ടെത്തി 17 തടവുകാരെ മോചിപ്പിച്ചത്
കുറ്റവാളികളെ പിടിച്ച് അകത്തിടുന്നവർ മാത്രമല്ല പൊലീസ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജയിലിൽ തുടരേണ്ടി വന്ന തടവുകാർക്ക് മോചനത്തിനും വഴിയൊരുക്കി മാതൃകയാവുകയാണ് ദുബൈയിലെ പൊലീസ്. വാഹനാപകടങ്ങളിലും മറ്റും ഇരകൾക്ക് ബ്ലഡ് മണി നൽകാൻ കഴിയാതെ ജയിലിൽ തുടരേണ്ടി വന്നവർ, പണം കുടിശ്ശിക വരുത്തിയതിന്റെ പേരിൽ ജയിലിൽ തുടരേണ്ടി വന്നവർ എന്നിങ്ങനെ 17 പേർക്കാണ് പൊലീസ് തന്നെ മോചനത്തിന് വഴിയൊരിക്കിയത്.
ദുബൈ പൊലീസിന്റെ കറക്ഷനൽ ആൻഡ് പുനിറ്റീവ് വിഭാഗമാണ് വിവിധ ചാരിറ്റി സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 9,53,965 ദിർഹം കണ്ടെത്തി 17 തടവുകാരെ മോചിപ്പിച്ചത്. 35 തടവുകാർക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് നൽകുന്നതിന് 57,220 ദിർഹവും പൊലീസ് കണ്ടെത്തി നൽകി.
നിയമലംഘനം നടത്തിയവർക്ക് സ്വയം തിരുത്താനും പുതിയൊരു ജീവിതം നയിക്കാനും അവസരമൊരുക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നതെന്ന് കറക്ടീവ് ആൻഡ് പുനിറ്റീവ് വകുപ്പ് ഡയറക്ടർ മേജർ ജനറൽ അലി മുഹമ്മദ് അൽ ഷമാലി പറഞ്ഞു. ഈ ഉദ്യമത്തിന് പൊലീസിനെ പിന്തുണക്കാൻ മുന്നോട്ടുവന്ന ഉദാരമനസ്കരായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പൊലീസ് നന്ദി അറിയിച്ചു.