UAE
സമ്മർക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക്   കുതിരകളെ സമ്മാനിച്ച് ദുബൈ പൊലീസ്
UAE

സമ്മർക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് കുതിരകളെ സമ്മാനിച്ച് ദുബൈ പൊലീസ്

Web Desk
|
10 Aug 2022 1:35 PM GMT

വേനൽ അവധിക്കാലത്തെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത് മിടുക്ക് കാണിച്ച കുട്ടികൾക്ക് അപൂർവ സമ്മാനം നൽകി ദുബൈ പൊലീസ്. മൂന്ന് മുന്തിയ ഇനം കുതിരകളെയാണ് പൊലീസ് കുട്ടികൾക്ക് സമ്മാനിച്ചത്.

'സുരക്ഷാ അംബാസഡർ' എന്ന പദ്ധതിയുടെ കീഴിലാണ് കുട്ടികൾ പൊലീസിന്റെ വേനൽക്കാല പരിശീലന പരിപാടിയുടെ ഭാഗമായത്. ക്യാമ്പിനിടെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങളും ഉത്സാഹവും കാണിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പരിഗണന കുട്ടികൾക്ക് ലഭിച്ചത്. വിവിധ പൊലീസിങ് പ്രവർത്തനങ്ങളിലും കുട്ടികൾക്ക് മികച്ച പരിശീലനമാണ് ലഭിച്ചത്.

അൽ അവീറിലെ ദുബായ് മൗണ്ടഡ് പോലീസ് സ്റ്റേഷനിൽവച്ചുള്ള പരിശീലനത്തിനിടെ കുതിരകളെ പരിചരിക്കുന്നതിലെ കുട്ടികളുടെ പ്രത്യേക ആവേശം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അവർക്ക് കുതിരകളെ തന്നെ സമ്മാനിക്കാൻ തീരുമാനിച്ചത്. സഫി അലി അൽ നഖ്ബി, സുൽത്താൻ ഖാലിദ് അൽ ഷംസി, മീര അലി അൽ ഹാജ് എന്നീ മൂന്ന് പേരാണ് പൊലീസുദ്യോഗസ്ഥരുടെ ഇഷ്ടം പിടിച്ചു പറ്റിയവർ.

കുതിരകളെ പരിപാലിക്കാൻ ആവശ്യമായ പരിശീലനവും കുട്ടികൾക്ക് നൽകിയിട്ടുണ്ടെന്ന് ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയരക്ടർ മേജർ ധാഹി സലേം അൽ ജല്ലാഫ് പറഞ്ഞു.

നേരത്തെ പഠനത്തിൽ മിടുക്കനായ മന ഇബ്രാഹിം അഹമ്മദ് അബ്ദുള്ള എന്ന 11 വയസ്സുകാരനും ദുബൈ പൊലീസ് കുതിരയെ സമ്മാനിച്ചിരുന്നു. കുതിരയെ സ്വന്തമാക്കണമെന്ന കുട്ടിയുടെ നിരന്തര ആഗ്രഹം അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു.

Similar Posts