മകനോടുള്ള വാൽസല്യം ചിത്രങ്ങളായി; പ്രവാസി തടവുകാരന് അധികൃതരുടെ സമ്മാനം
|തടവുപുള്ളികളിൽ ഒരാൾ പതിവായി മകന്റെ ചിത്രം വരക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ മകനെ ദുബൈയിലെത്തിച്ച് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയായിരുന്നു
ജയിലിൽ കഴിയുന്ന പ്രവാസിക്ക് നാട്ടിലുള്ള മകനെ കാണാൻ അവസരമൊരുക്കി ദുബൈ പൊലീസ്. തടവുപുള്ളികളിൽ ഒരാൾ പതിവായി മകന്റെ ചിത്രം വരക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ മകനെ ദുബൈയിലെത്തിച്ച് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയായിരുന്നു.
വേറിട്ടൊരു കൂടിക്കാഴ്ചക്കാണ് ദുബൈയിലെ തടവറ സാക്ഷ്യം വഹിച്ചത്. കുറ്റവാളിയാണെന്ന് കണ്ടെത്തി തടവ് അനുഭവിക്കുമ്പോഴും മകനോടുള്ള അതിരറ്റ സ്നേഹം കൈവിടാതെ സൂക്ഷിക്കുന്ന ഒരു പിതാവിനെ തിരിച്ചറിഞ്ഞ ജയിൽ അധികൃതർ അദ്ദേഹത്തിന്റെ മകനെ മകനെ കാണാനുള്ള ആഗ്രഹം സഫലമാക്കി. തടവുപുള്ളിയെും കുടുംബത്തെയും കുറിച്ച് വിശദമായി പഠിച്ച ശേഷമായിരുന്നു നടപടി.
ജയിലിൽ ചെയ്യേണ്ട ജോലിയുടെ ഭാഗമായി ചിത്രരചന പരിശീലിച്ച വ്യക്തിയായിരുന്നു ഈ തടവ് പുള്ളി. സ്ഥിരമായി വരക്കുന്നത് മകന്റെ ചിത്രങ്ങളാണെന്ന് അധികൃതർക്ക് മനസിലായി. അതോടെ തടവുകാരുടെ സന്തോഷം എന്ന പദ്ധതിയുടെ ഭാഗമായി ഇദ്ദേഹത്തിന് ഒരു അപ്രതീക്ഷിത സന്തോഷം നൽകാൻ ദുബൈ പൊലീസ് തീരുമാനിച്ചു. മറ്റൊരു രാജ്യത്ത് കഴിഞ്ഞിരുന്ന മകനെ ദുബൈയിലെത്തിച്ച് പിതാവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി.
ജയിലിൽ മാന്യമായി പെരുമാറുന്ന തടവുപുള്ളിയായിരുന്നു ഇയാളെന്നും, ഇത്തരം നടപടികൾ ജയിലിൽ കഴിയുന്നവരുടെ മാനസിക സംഘർഷം കുറക്കാൻ സഹായിക്കുമെന്നും ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജൽഫാർ പറഞ്ഞു.