ഗതാഗത നിയമലംഘനങ്ങളിൽ കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
|ഡ്രൈവിങ്ങിനിടെയുള്ള അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 1,183 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 707 വാഹനങ്ങൾ പിടികൂടുകയും ചെയ്തു.
ദുബൈ: ഓടുന്ന കാറിന്റെ സൺറൂഫിലൂടെ കുട്ടികൾ തലപുറത്തിടുന്നതും ഡോറിലിരുന്ന് യാത്ര ചെയ്യുന്നതും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായി ദുബൈ പൊലീസ്. ഇത്തരം നിയമലംഘനങ്ങൾ കർശനമായി നേരിടുമെന്നും ദുബൈ പൊലിസ് അറിയിച്ചു.
ഡ്രൈവിങ്ങിനിടെയുള്ള അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 1,183 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 707 വാഹനങ്ങൾ പിടികൂടുകയും ചെയ്തു. പ്രതികൾക്കെതിരെ 2000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. 50,000 ദിർഹം അടച്ചാൽ മാത്രമേ വാഹനം തിരികെ വിട്ടുനൽകൂ.
ഡോറിൽ ഇരിക്കുന്നതും സൺ റൂഫിൽ നിന്ന് യാത്ര ചെയ്യുന്നതും വലിയ അപകടത്തിനും വാഹനം ബ്രേക്ക് ചെയ്യുമ്പോൾ പെട്ടെന്നുള്ള വീഴ്ചയിലേക്കും കാരണമാകുമെന്ന് ദുബൈ പൊലീസിന്റെ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പിറകിൽ വരുന്ന വാഹനങ്ങൾക്കും ഇത് ഭീഷണിയാണ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ പലതും കൂട്ടായ ഉത്തരവാദിത്തത്തിലൂടെ ഇല്ലാതാക്കാനാവുമെന്നും സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.