ദേശീയ ദിനം സുരക്ഷിതമായി ആഘോഷിക്കാൻ മാർഗ്ഗ നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്
|അപകടകരമായ വാഹന റാലികൾ ഒഴിവാക്കണം
യു.എ.ഇയുടെ 51ാമത് ദേശീയ ദിനം സുരക്ഷിതമായി ആഘോഷിക്കാൻ ദുബൈ പൊലീസ് ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഇറക്കിയിട്ടുണ്ട്. ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണമെന്നാണ് പൊലീസ് നിർദ്ദേശിക്കുന്നത്.
ആഘോഷത്തിനിറങ്ങുന്നവർ തങ്ങളുടെ വാഹനങ്ങൾ അലങ്കാരങ്ങൾ കൊണ്ട് നിറയ്ക്കുകയോ വാഹനത്തിന്റെ സ്വാഭാവിക നിറങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്യരുത്. വാഹനങ്ങളിൽ ഓവർലോഡ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
നിന്ദ്യമായ ശൈലിയിലുള്ള വാക്കുകളോ പ്രയോഗങ്ങളോ വാഹനങ്ങളിൽ എഴുതുകയോ അനുചിതമായ സ്റ്റിക്കറുകൾ ഒട്ടിക്കുക്കുകയോ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്കിടെ വ്യത്യസ്ത നിറങ്ങളിലും രൂപത്തിലുമുള്ള എല്ലാ തരം സ്‌പ്രേകളും ഉപയോഗിക്കരുതെന്നാണ് പൊലീസ് കർശനമായി നിർദ്ദേശിക്കുന്നത്. കൂട്ടം കൂടിയുള്ള അപകടകരമായ വാഹന റാലികൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മുന്നിലും പിന്നിലുമുള്ള നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന ഒരു കാര്യവും വാഹനങ്ങളിൽ ചെയ്യരുത്.
ഗതാഗതം തടസ്സപ്പെടുത്തുന്നതോ മറ്റുള്ളവർക്ക് പ്രയാസങ്ങളുണ്ടാകുന്ന കാര്യങ്ങളോ ചെയ്യാൻ പാടില്ല. അശ്രദ്ധമായ ഡ്രൈവിങ്ങും സ്റ്റണ്ട് ഡ്രൈവിങ്ങും പൂർണ്ണമായും ഒഴിവാക്കണം. വാഹനത്തിന്റെ സൈഡ് വിൻഡോ, മുൻവശത്തെ ഗ്ലാസുകൾ എന്നിവിടങ്ങളിൽ സ്റ്റിക്കറുകളും മറ്റും ഉപയോഗിച്ച് മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. യാത്രക്കാർ ഒരിക്കലും പിക്കപ്പ് ട്രക്കിലോ കാറിന് മുകളിലോ കയറി ഇരുന്ന് യാത്ര ചെയ്യരുത്. കുട്ടികളെയും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് നിർബന്ധമായും തടയണം.