കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനുറച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി
|പുതുതായി 360 ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ ലഭ്യമാക്കാൻ ആർ.ടി.എ അൽഫുത്തൈം ഓട്ടോമാറ്റീവുമായി കരാറിൽ ഒപ്പുവെച്ചു
കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനുറച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി. പുതുതായി 360 ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ ലഭ്യമാക്കാൻ ആർ.ടി.എ അൽഫുത്തൈം ഓട്ടോമാറ്റീവുമായി കരാറിൽ ഒപ്പുവെച്ചു. 2050 ഓടെ കാർബൺ രഹിത പൊതുഗതാഗതം എന്ന ലക്ഷ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.
കരാർ പ്രകാരം പത്ത് ഇലക്ട്രിക് ബസുകൾ, 250 ഇലക്ട്രിക് വാഹനങ്ങൾ, നൂറ് ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയാണ് അൽഫുത്തൈം, ആർ.ടി.എക്ക് നിർമിച്ചു നൽകുക. ഇലക്ട്രിക് ചാർജിങ്ശൃംഖലയും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങളും അൽഫുത്തൈം തന്നെ ലഭ്യമാക്കും. 2050 ഓടെ എല്ലാ പൊതുഗതാഗത വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡ് സ്വഭാവത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ആർ.ടി.എ. ദുബൈ സാമ്പത്തിക അജണ്ട ഡി 33 െൻറ ലക്ഷ്യങ്ങളിൽ ഇതും ഉൾപ്പെടുന്നുണ്ട്. 2040 ഓടെ തന്നെ എല്ലാ ടാക്സികളും ഇലക്ട്രിക് ആയി മാറും.
ബാഴ്സലോണയിൽ നടന്ന ചടങ്ങിലാണ് ആർ.ടി.എയും അൽഫുത്തൈമും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്. ആർ.ടി.എ മേധാവി മതാർ അൽ തായറും അൽ ഫുത്തൈം ഓട്ടോമാറ്റീവ് പ്രസിഡൻറ് പോൾ വില്ലിസും കരാറിൽ ഒപ്പിട്ടു. നിരവധി ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പൊതു ഗതാഗത രംഗം മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് മതാർ അൽ തായർ പറഞ്ഞു.