പ്രീമിയം കാർഡ് പുറത്തിറക്കി ദുബൈ ആർ.ടി.എ: നിരവധി ആനുകൂല്യങ്ങൾ
|നിരവധി ആനുകൂല്യങ്ങൾ കാർഡിന്റെ പ്രത്യേകതയാണ്. ഇതിന്റെ വിതരണത്തിനും തുടക്കം കുറിച്ചു.
ദുബൈ: വ്യക്തികൾക്കും കോർപറേറ്റുകൾക്കും ഉപയോഗിക്കാവുന്ന പ്രീമിയം കാർഡ് പുറത്തിറക്കി ദുബൈ റോഡ് ഗതാഗത അതോറിറ്ററി. നിരവധി ആനുകൂല്യങ്ങൾ കാർഡിന്റെ പ്രത്യേകതയാണ്. ഇതിന്റെ വിതരണത്തിനും തുടക്കം കുറിച്ചു.
അർഹരായ ഉപയോക്താക്കൾക്ക് ഫോണിലേക്ക് കാർഡ് ലിങ്ക് അയച്ചുനൽകും. ആർ.ടി.എ സർവീസ് കേന്ദ്രങ്ങളിൽ എത്തുമ്പോൾ ഡിജിറ്റൽ കാർഡ് കാണിച്ചാൽ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. ആദ്യ ഘട്ടത്തിൽ 40,000 ഉപയോക്താക്കൾക്കാണ് കാർഡ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ കൂടുതൽ പേർക്ക് വിതരണം ചെയ്യും. ഇതിനുള്ള നടപടികൾ ആസൂത്രണം ചെയ്തുവരുന്നതായും ആർ.ടി.എ വെളിപ്പെടുത്തി.
കാർഡ് ലഭിക്കുന്നവർക്ക് ആർ.ടി.എ ഔട് ലെറ്റുകളില്‍ ഫാസ്റ്റ് ട്രാക്ക് സർവീസ് ലഭിക്കും. കാൾ സെന്ററുകളിൽ അന്വേഷണങ്ങൾക്ക് അതിവേഗത്തിൽ മറുപടിയും കിട്ടും.അതോടൊപ്പം പ്രത്യേക വാഹന പരിശോധന, രജിസ്ട്രേഷൻ സേവനങ്ങളും ലഭിക്കും. ആർ.ടി.എ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്ക് ക്ഷണവും പ്രീമിയം കാർഡുള്ളവരെ തേടിയെത്തും. ആർ.ടി.എയുടെ സർവെകളിലും പരിപാടികളിലും പങ്കെടുക്കുന്നവരെയാണ് പ്രീമിയം കാർഡിനായി തെരഞ്ഞെടുക്കാറ്.
വ്യത്യസ്ത രീതികളിലൂടെ ആർ.ടി.എ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നവരെയും കാർഡിന് തെരഞ്ഞെടുക്കാറുണ്ട്. ഉപഭോക്താക്കളുടെ ആർ.ടി.എ സേവനങ്ങളുടെ ഉപയോഗവും മറ്റു രീതികളും പരിഗണിച്ചാണ് സംവിധാനം ഏർപ്പെടുത്തിയത്. ആർ.ടി.എ സേവനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.