പെരുന്നാൾ ഇനി കളറാകും; അനാഥർക്കും ഭിന്നശേഷിക്കാർക്കും സമ്മാനവുമായി ദുബൈ ആർ.ടി.എ
|ചാരിറ്റബിൾ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ഈദിയയെന്ന പെരുന്നാൾ പണം
ദുബൈയിലെ അനാഥർക്കും ഭിന്നശേഷിക്കാർക്കും ഇക്കുറി നിറമുള്ള ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ). അനാഥർ, വിദ്യാർഥികൾ, നിശ്ചയദാർഢ്യമുള്ളവർ എന്ന് യു.എ.ഇ വിശേഷിപ്പിക്കുന്ന ഭിന്നശേഷിക്കാർ എന്നിവർക്ക് പെരുന്നാൾ വസ്ത്രം, പെരുന്നാൾ പണം, വിനോദയാത്രാവസരം തുടങ്ങിയവ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നൽകും.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി), റാഷിദ് സെന്റർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ, ദുബൈ മെട്രോ, ട്രാം, റോക്‌സി സിനിമ എന്നിവയുടെ ഓപ്പറേറ്ററായ കിയോലിസ് എംഎച്ച്‌ഐ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ആർടിഎ ഈദുൽ ഫിത്വർ പദ്ധതി നടപ്പാക്കുന്നത്.
സാമൂഹിക ഐക്യം ശക്തിപ്പെടുത്തുക, അനാഥർക്കും ഭിന്നശേഷിക്കാർക്കും ഐക്യദാർഢ്യം നൽകുന്ന സംസ്‌കാരം പ്രചരിപ്പിക്കുക എന്നിവക്കാണ് ഈ വർഷത്തെ ഈദ് ആഘോഷത്തിൽ ആർ.ടി.എ ഊന്നൽ നൽകുന്നത്.
ഈദിന്റെ സന്തോഷം പങ്കിടാൻ പരമ്പരാഗത ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്യുകയാണ് ആർ.ടി.എ കണ്ടെത്തിയ ഒരു മാർഗം. കന്തൂറ (പുരുഷന്മാരുടെ ഗൗണുകൾ), മഖാവീർ (സ്ത്രീകളുടെ ഗൗണുകൾ) എന്നിങ്ങനെ എമിറാത്തി സ്വത്വം വെളിപ്പെടുത്തുന്ന പാരമ്പര്യ വസ്ത്രമാണ് നൽകുക. ഇ.ആർ.സി, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ, ദാർ അൽ ഹായ് ജെന്റ്സ് ടെയ്ലറിംഗ് എന്നിവയുമായി സഹകരിച്ചാണ് പുരുഷന്മാർക്ക് കന്തൂറവിതരണം നടപ്പാക്കുന്നത്. റാഷിദ് സെന്റർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനുമായി ചേർന്നുനിൽക്കുന്ന പെൺകുട്ടികൾക്ക് സലാമ ടെയ്ലറിംഗ് നൽകുന്ന മഖാവീറുകളും സമ്മാനിക്കും.
ചാരിറ്റബിൾ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനാണ് ഈദിയയെന്ന പെരുന്നാൾ പണം നൽകുക. ആർ.ടി.എയുടെ ഈദ് പദ്ധതികളുടെ ഭാഗമായി, അനാഥരായ കുട്ടികൾക്കായി കിയോലിസ് എംഎച്ച്‌ഐ പ്രത്യേക സിനിമാ ഔട്ടിംഗും സംഘടിപ്പിക്കുന്നുണ്ട്.
എല്ലാ വർഷവും റമദാൻ തുടക്കം മുതൽ ഈദുൽ ഫിത്ർ ആഘോഷ ദിനങ്ങൾ വരെ ആർ.ടി.എ കമ്യൂണിറ്റി, മാനവിക സംരംഭങ്ങളിൽ ഏർപ്പെട്ടുവരാറുണ്ട്. സഹിഷ്ണുതയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും വകുപ്പിന്റെ കോർപ്പറേറ്റ് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും വ്യക്തികൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത എടുത്തുകാണിക്കുന്നതാണ് ഇത്തരം പദ്ധതികൾ.
പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭങ്ങളിലൂടെ, പരസ്പര സഹകരണം വർധിപ്പിക്കാനും കമ്മ്യൂണിറ്റി സംരംഭങ്ങളിൽ ശക്തമായ പങ്കാളിത്തം രൂപപ്പെടുത്താനുമാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. ആഭ്യന്തരമായും അന്തർദേശീയമായും വിവിധ സാമൂഹിക ഗ്രൂപ്പുകൾക്കായി സഹകരണ കരാറുകൾ സജീവമാക്കാനും ആർ.ടി.എ ശ്രമിക്കുന്നു.