ദുബൈ റൺ നാളെ; രണ്ടര ലക്ഷത്തോളം പേർ പങ്കെടുക്കും
|പരിപാടിക്കായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്
ദുബൈ: ഒരു മാസം നീണ്ട ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപ്തി കുറിച്ച് ദുബൈ റൺ നാളെ നടക്കും. ജോഗിങ് ട്രാക്കായി മാറുന്ന നഗരവീഥികളിൽ ഒരേ മനസ്സോടെ ഒഴുകുന്ന ലക്ഷക്കണക്കിന് മനുഷ്യരെയാണ് ദുബൈ റണ്ണിൽ കാണാൻ സാധിക്കുക. ഞായറാഴ്ച പുലർച്ചെ മുതൽ ഓട്ടക്കാർ നഗരം കീഴടക്കും. ദുബൈയിലെ ഏറ്റവും തിരക്കേറിയ ശൈഖ് സായിദ് റോഡ് നാളെ രാവിലെ പത്തര വരെ ഓട്ടക്കാരുടേത് മാത്രമായി മാറും.
ശൈഖ് സായിദ് റോഡിലെ പ്രധാന ആകർഷണങ്ങൾക്കിടയിലൂടെ ഓടാമെന്നതാണ് ദുബൈ റണ്ണിന്റെ ഏറ്റവും വലിയ സവിശേഷത. ഓട്ടക്കാർക്ക് പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ റൂട്ടുകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. അഞ്ചു കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തു നിന്നാരംഭിക്കും. ബുർജ് ഖലീഫ, ദുബൈ ഓപറ വഴി സഞ്ചരിച്ച് ദുബൈ മാളിനടുത്ത് അവസാനിക്കും. മ്യൂസിയം ഓഫ് ഫ്യൂച്ചറിന് അടുത്തു നിന്ന് ആരംഭിക്കുന്ന പത്തു കിലോമീറ്റർ റൂട്ട് ദുബൈ കനാൽ ബ്രിജ് കടന്ന് ഡിഐഎഫ്സി ഗേറ്റിനടുത്ത് സമാപിക്കും.
ഓട്ടത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ നാലു റോഡുകൾ താത്കാലികമായി അടച്ചിട്ടുണ്ട്. യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ ഉപയോഗപ്പെടുത്താമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്. ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർക്ക് സൗകര്യം ഒരുക്കുന്നതിനായി ദുബൈ മെട്രോയുടെ സമയം നീട്ടി. ഞായറാഴ്ച പുലർച്ചെ മൂന്നു മുതൽ അർധരാത്രി പന്ത്രണ്ടു വരെ മെട്രോയുടെ രണ്ടു ലൈനുകളും സർവീസ് നടത്തും.