ദുബൈയിൽ സേവനം മെച്ചപ്പെടുത്തി സ്‌കൂൾ ബസുകൾ; ഒരുക്കുന്നത് അത്യാധുനിക സുരക്ഷ
|കുട്ടികൾ ബസിൽ കുടുങ്ങിപോകുന്നത് നിരീക്ഷണ കാമറകളും സെൻസറുകളും നിരീക്ഷിക്കും. അപായസൂചനകൾ ഉടനടി കൺട്രോൾ റൂമിലേക്ക് കൈമാറും.
ദുബൈ: വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ദുബൈയിലെ സ്‌കൂൾ ബസുകളുടെ സേവനം മെച്ചപ്പെടുത്തുന്നു. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയാണ് പുതിയ അധ്യയന വർഷം സ്‌കൂൾ ബസുകൾ സർവീസ് നടത്തുകയെന്ന് ദുബൈ ആർടിഎ അറിയിച്ചു.
ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് കീഴിലെ ദുബൈ ടാക്‌സി കോർപറേഷനാണ് സ്‌കൂൾ ബസ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ദുബൈ എമിറേറ്റിൽ മാത്രം 24,000 വിദ്യാർഥികൾക്കാണ് ദുബൈ ടാക്‌സി കോർപഷേന്റെ സ്‌കൂൾ ബസ് സേവനം ലഭ്യമാക്കുന്നതെന്ന് ആർടിഎ അധികൃതർ പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ സ്‌കൂൾ ബസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ ബസിൽ കുടുങ്ങിപോകുന്നത് നിരീക്ഷണ കാമറകളും സെൻസറുകളും നിരീക്ഷിക്കും. അപായസൂചനകൾ ഉടനടി കൺട്രോൾ റൂമിലേക്ക് കൈമാറും. എല്ലാ ബസുകളും ജിപിഎസ് സംവിധാനം വഴി നിരീക്ഷണത്തിലായിരിക്കും.
ബസിൽ കയറുന്ന വിദ്യാർഥികളെ ആർഎഫ്‌ഐഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരിച്ചറിയും. തീപിടുത്തമുണ്ടായാൽ നേരിടുന്നതിന് സെൽഫ് എക്‌സിറ്റക്യൂഷിങ് എഞ്ചിൻ സംവിധാനവും ആധുനിക അഗ്‌നിശമന സംവിധാനും ബസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുന്ന വിധം പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ബസിലുണ്ടാവുക. അടിയന്തിരഘട്ടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് വരെ ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഡിടിസി സ്‌കൂൾ ബസ് എന്ന ആപ്ലിക്കഷേൻ വഴി സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും ആർടിഎ സ്‌കൂൾ ബസുകളുടെ സേവനം ലഭ്യമാക്കാൻ സൗകര്യമുണ്ട്.