ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ; മേള 46 ദിവസം നീണ്ടുനിൽക്കും
|ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിനെത്തുന്ന വിവിധ രാജ്യക്കാാരായ ആരാധകരെ കൂടുതലായി ദുബൈയിലേക്ക് ആകർഷിക്കാനും ഫെസ്റ്റിവൽ സഹായകമാകും
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഡിസംബർ 15മുതൽ 2023ജനുവരി 29വരെ 46ദിവസമാണ് ഫെസ്റ്റിവൽ അരങ്ങേറുക. നിരവധി വിലക്കിഴിവുകളും സമ്മാന പദ്ധതികളും ഷോപ്പിങ് മേളയുടെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിനോദ പരിപാടികൾ, സംഗീതകച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, നറുക്കെടുപ്പുകൾ എന്നിവ ഷോപ്പിങ് മേളയുടെ ഭാഗമായി അരങ്ങേറും. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് ഒരുക്കുന്ന ഫെസ്റ്റിവലിൽ ഡ്രോൺസ് ലൈറ്റ് ഷോയും ഉണ്ടാകും. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബൈ സന്ദർശിക്കാനും ദൈർഘ്യമേറിയ ഷോപ്പിങ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള അവസരമാണ് 28-ാമത് ഡി.എസ്.എഫ് ഒരുക്കുകയെന്ന് ഡി.എഫ്.ആർ.ഇ സി.ഇ.ഒ അഹ്മദ് അൽ ഖാജ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
ഭാഗ്യശാലികൾക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരം കൂടിയാകുമിത്. സംരംഭകർക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ഉണർവ് നൽകുന്നതായിരിക്കും ഫെസ്റ്റിവലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിനെത്തുന്ന വിവിധ രാജ്യക്കാാരായ ആരാധകരെ കൂടുതലായി ദുബൈയിലേക്ക് ആകർഷിക്കാനും ഫെസ്റ്റിവൽ സഹായകമാകും.