ഒന്നര വർഷത്തിന് ശേഷം ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ വൺ തുറന്നു
|എയർ ഇന്ത്യ വിമാനങ്ങൾ ഇനി മുതൽ ടെർമിനൽ വണ്ണിൽ നിന്നാണ് പുറപ്പെടുക. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ടെർമിനൽ രണ്ടിൽ നിന്ന് സർവീസ് തുടരും.
ഒന്നര വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷം ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ വൺ തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് ടെർമിനൽ അടച്ചിട്ടത്.
15 മാസം അടച്ചിട്ട ശേഷം ഇന്നാണ് ഈ ലോകോത്തര ടെർമിനൽ വീണ്ടും യാത്രക്കാരെ വരവേറ്റത്. റിയാദിൽ നിന്നുള്ള ഫ്ലൈനാസ് ആയിരുന്നു ആദ്യവിമാനം. ഇവിടേക്ക് സർവീസ് നടത്തിയിരുന്ന 65 വിമാനകമ്പനികളും ടെർമിനിലിലേക്ക് തിരിച്ചുവരും എന്ന് അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യ വിമാനങ്ങൾ ഇനി മുതൽ ടെർമിനൽ വണ്ണിൽ നിന്നാണ് പുറപ്പെടുക. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ടെർമിനൽ രണ്ടിൽ നിന്ന് സർവീസ് തുടരും. സ്പൈസ്ജെറ്റ്, ഇൻഡിഗോ ഉൾപെടെയുള്ള വിമാനങ്ങൾ ടെർമിനൽ വണ്ണിൽ നിന്നാകും പുറപ്പെടുക.
താൽകാലികമായ ടെർമിനൽ രണ്ട്, മൂന്ന് എന്നിവിടങ്ങളിലേക്ക് മാറ്റിയ പല വിമാനങ്ങളും ഘട്ടം ഘട്ടമായി ടെർമിനൽ ഒന്നിലേക്ക് തിരിച്ചുവരും. ടെർമിനൽ വണ്ണിലെ ഡ്യൂട്ടി ഫ്രീ ഷോപ്പും സജീവമായിട്ടുണ്ട്.
വർഷം 180 ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകുന്ന ലോകത്തെ പ്രധാന എയർപോർട്ട് ടെർമിനലുകളിലൊന്നാണ് ദുബൈയുടെ ടെർമിനൽ വൺ.