60 ലക്ഷം കിലോമീറ്റർ, 6 കോടി യാത്രക്കാർ; പത്ത് വർഷം പിന്നിട്ട് ദുബൈ ട്രാം
|ഒരു പതിറ്റാണ്ട് പിന്നിടുന്നതോടെ ട്രാക്കില്ലാത്ത ട്രാം എന്ന ആശയം കൂടി ആർടിഎയ്ക്ക് മുമ്പിലുണ്ട്
ദുബൈ: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ദുബൈ ട്രാമിന് പത്തു വയസ്സ്. 2014 നവംബർ 11നാണ് ദുബൈ ട്രാം ഓട്ടമാരംഭിച്ചത്. ഇതുവരെ ആറു കോടി പേർ ട്രാമിൽ യാത്ര ചെയ്തതായി ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി പറഞ്ഞു.
അറുപത് ലക്ഷം കിലോമീറ്റർ, ആറു കോടി യാത്രക്കാർ, 99.9 ശതമാനം സമയ കൃത്യത... നഗരത്തിൽ പത്തു വർഷം മുമ്പ് ഓട്ടം തുടങ്ങിയ ദുബൈ ട്രാമിന്റെ ട്രാക്ക് റെക്കോഡിനെ ഇങ്ങനെ സംഗ്രഹിക്കാം. ദുബൈ കാണാനെത്തുന്നവരുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ട്രാമിന് പതിനൊന്ന് സ്റ്റേഷനുകളാണുള്ളത്. ട്രാം യാത്രയിൽ പാം ജുമൈറ, ദുബൈ നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ജുമൈറ ബീച്ച് റെസിഡൻസ്, ദുബൈ മറീന എന്നിങ്ങനെ നഗരത്തിലെ ലാൻഡ് മാർക്കുകൾ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.
ദുബൈ മെട്രോ, ബസ്, ടാക്‌സി, സൈക്ലിങ് ട്രാക്ക് അടക്കമുള്ള പൊതുഗതാഗത സംവിധാനവുമായി ട്രാമിന് മികച്ച കണക്ടിവിറ്റിയുണ്ട്. ഭൂമിയിൽനിന്നുള്ള ഊർജവിതരണ സംവിധാനം വഴി യൂറോപ്പിന് പുറത്ത് പ്രവർത്തിക്കുന്ന ആദ്യ ട്രാമും ദുബൈയിലേതാണ്.
ട്രാം ഒരു പതിറ്റാണ്ട് പിന്നിടുന്നതോടെ ട്രാക്കില്ലാത്ത ട്രാം എന്ന ആശയം കൂടി ആർടിഎയ്ക്ക് മുമ്പിലുണ്ട്. നിലവിലുള്ള ട്രാം എട്ടു സ്ഥലങ്ങളിലേക്കു കൂടി വിപുലപ്പെടുത്താനാണ് ആലോചന. പരമ്പരാഗത ട്രാക്കുകൾക്ക് പകരം വിർച്വൽ ട്രാക്കിലൂടെയാകും വരും ട്രാമുകൾ ഓടുക. സ്വയം ഡ്രൈവ് ചെയ്യുന്ന പരിസ്ഥിതി സൗഹൃദ, ഇലക്ട്രിക് ഗതാഗത സംവിധാനമാണ് ട്രാക് ലസ് ട്രാം.