തെരുവിൽ പക്ഷി-മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ
|വളരെ നിസാരമായ, പ്രത്യക്ഷത്തിൽ ആർക്കും ഉപദ്രവകരമല്ലാത്ത എന്നാൽ ഒരു സത്പ്രവർത്തിയാണെന്ന് തോന്നിയേക്കാവുന്ന ഒരു ചെറിയ കാര്യം ചെയ്താൽ ദുബൈയിൽ നിങ്ങൾ ഒരുപക്ഷെ ശിക്ഷിക്കപ്പെട്ടേക്കാം.
ചെയ്താൽ തെറ്റായിത്തീരുമെന്നറിയാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത് നമ്മൾ ആരും ഇഷ്ടപ്പെടാറില്ല. എന്നാൽ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകൽ അത്തരമൊരു പ്രവർത്തിയാണ്.
ഉടമസ്ഥരില്ലാത്ത ഇത്തരം പൂച്ചകൾക്ക് ഭക്ഷണം നൽകുന്നത് മനുഷ്യത്വപരമായ പ്രവൃത്തിയായി തോന്നാമെങ്കിലും, ഇതിലൂടെ അവ പെറ്റുപെരുകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങനെയൊരു മുൻകരുതൽ മുനിസിപ്പാലിറ്റി സ്വീകരിച്ചിരിക്കുന്നത്.
അതു പോലെ പ്രാവ്, തെരുവ് നായ്ക്കൾ തുടങ്ങിയവയെയും തെരുവിൽ ഭക്ഷണം നൽകി പരിപാലിക്കുന്നതും ദുബൈ മുനിസിപ്പാലിറ്റി നിരോധിച്ചിട്ടുണ്ട്.
ഈ നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ 500 ദിർഹമാണ് പിഴയിനത്തിൽ ചുമത്തുക. ഇതിന്റെ പേരിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി അറിയില്ലെങ്കിലും പലപ്പോഴും മുനിസിപ്പാലിറ്റിയുടെ സർക്കുലറുകൾ പലർക്കും ലഭിച്ചിട്ടുണ്ട്.
ഇനി വഴിയരികിൽ കാണുന്ന മൃഗങ്ങളെ ഓമനിക്കാൻ തോന്നുന്നവർ ഈ ഒരു മുന്നറിയിപ്പ് മനസിൽ സൂക്ഷിക്കുന്നതായിരിക്കും നല്ലത്.