പൊതുഗതാഗത രംഗത്ത് പുതിയ കുതിപ്പുമായി ദുബൈ
|നിത്യവും പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം 17 ലക്ഷത്തോളമായി ഉയർന്നു
പൊതുഗതാഗത രംഗത്ത് പുതിയ കുതിപ്പുമായി ദുബൈ. നിത്യവും പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം 17 ലക്ഷത്തോളമായി ഉയർന്നു. ഗൾഫ് രാജ്യങ്ങളിലെ മറ്റൊരു നഗരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത വിധത്തിലാണ് ദുബൈയുടെ ഈ മുന്നേറ്റം.
മെട്രോ, ബസ്, ടാക്സി, ട്രാം, ജലഗതാഗതം ഉൾപെടെയുള്ള ദുബൈയിലെ പൊതുഗതാഗതം നിത്യം ഉപയോഗിക്കുന്നത് 16.8 ലക്ഷം പേർ. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും ഗണ്യമായ വർധനവുണ്ടെന്നും ആർ.ടി.എയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ ആറ് മാസത്തിലെ കണക്കാണ് പുറത്തുവിട്ടത്. ആറു മാസത്തിനുള്ളിൽ 304.6 ദശലക്ഷം യാത്രക്കാരാണ് ദുബൈയിൽ പൊതുഗതാഗതം പ്രയോജനപ്പെടുത്തിയത്.
2006ൽ 8715 കിലോമീറ്ററായിരുന്നു ദുബൈയിലെ റോഡുകളുടെ ദൈർഘ്യമെങ്കിൽ ഇപ്പോൾ അത് 18475 ആയി ഉയർന്നു. 129 പാലങ്ങളുണ്ടായിരുന്നത് ആറ് മടങ്ങ് വർധിച്ച് 884 ൽ എത്തി. മേൽപാലങ്ങൾ, സൈക്ലിങ് ട്രാക്കുകൾ എന്നിവയിലും വൻ വർധന ഉണ്ടായി. ആർ.ടി.എയുടെ നടപടി ക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്‍റെ ഭാഗമായി 106 പദ്ധതികളാണ് ആവിഷ്കരിച്ചത്. 2030ഓടെ ദുബൈയിലെ 25 ശതമാനം പൊതുഗതാഗതവും ഡ്രൈവറില്ലാ വാഹനമാക്കുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. യു.എസിന് പുറത്ത്ക്രൂയിസ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബൈ മാറും. അടുത്ത വർഷത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ നിരത്തിലിറങ്ങും. 2030ഓടെ ഇത്തരം 4000 വാഹനങ്ങളാണ് ഇറക്കാനുദ്ദേശിക്കുന്നത്. ടാക്സിക്കായി ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയവും ഗണ്യമായി കുറഞ്ഞു.