ദുബൈയിലെ 'മാൻ ഓഫ് മാഡ്നസ്സ്' : ഗോൾഡൻ വിജയഗാഥയുമായി ഇഖ്ബാൽ മാർക്കോണി
|- തോൽവികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് 'ഗോൾഡൻ മാൻ' എന്ന വിളിപ്പേര് നേടിയ ഈ മലയാളി സംരംഭകൻ ഏവർക്കും പ്രചോദനമാണ്
ദുബൈയിലെ ബിസിനസ്സ് ലോകം കീഴടക്കിയ ഇഖ്ബാൽ മാർക്കോണിയുടെ അവിശ്വസനീയമായ കഥയാണിത്. തോൽവികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് 'ഗോൾഡൻ മാൻ' എന്ന വിളിപ്പേര് നേടിയ ഈ മലയാളി സംരംഭകൻ ഏവർക്കും പ്രചോദനമാണ്. ഇന്ത്യൻ നാവികസേനയിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷമാണ് ഇഖ്ബാൽ യു.എ.ഇയിലെത്തിയത്. മത്സരം നിറഞ്ഞ ബിസിനസ്സ് ലോകത്ത് സ്വന്തം ഇടം കണ്ടെത്താൻ അദ്ദേഹം പാടുപെട്ടു. പലപ്പോഴും വീണുപോയെങ്കിലും, 'ജീവിതം പോരാട്ടമാണ്, ന്യായം എവിടെയാണോ അവിടെ വിജയവും ഉണ്ടാകും' എന്ന ഉറച്ച വിശ്വാസത്തോടെ അദ്ദേഹം മുന്നോട്ട് പോയി. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഇഖ്ബാലിന് ഫലം കൊണ്ടുവന്നു. 'ഇ.സി.എച്ച് ഡിജിറ്റൽ' എന്ന സ്ഥാപനം തുടങ്ങിയ അദ്ദേഹം യു.എ.ഇ ഗവൺമെന്റ് പ്രഖ്യാപിച്ച ഗോൾഡൻ വിസ നേടിയ ആദ്യ മലയാളി സംരംഭകനായി. ഏറ്റവും കൂടുതൽ ഗോൾഡൻ വിസ നേടിയെടുക്കാൻ സഹായിച്ച സ്ഥാപനം എന്ന ഖ്യാതിയും ഇ.സി.എച്ച് ഡിജിറ്റലിന് സ്വന്തമാണ്. ഇന്ത്യൻ സിനിമാ സെലിബ്രിറ്റികൾക്ക് ഗോൾഡൻ വിസ നേടിയെടുത്തതിലൂടെയാണ് ഇഖ്ബാൽ 'ഗോൾഡൻ മാൻ' എന്ന വിളിപ്പേര് നേടിയത്.
- സിനിമാ ലോകത്ത് ഒരേയൊരു ഇഖ്ബാൽ മാർക്കോണി
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലെ നിരവധി താരങ്ങൾക്കും പ്രമുഖ സംവിധായകർക്കും ഗായകർക്കും സാങ്കേതിക വിദഗ്ധർക്കും യുഎഇ ഗോൾഡൻ വിസ ഏർപ്പാടാക്കിയ ഇഖ്ബാൽ മാർക്കോണി ഇന്ന് സിനിമാ ലോകത്തിന്റെ പുതിയ സെലിബ്രിറ്റിയാണ്. ചലച്ചിത്ര ലോകം മുഴുവൻ ഇഖ്ബാലിനെ അറിയാം. ദുബൈയിലെ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ എത്തുന്ന പ്രശസ്ത കലാകാരന്മാരെ അലംകൃതമായ വേദിയിൽ ഒരുത്സവ പ്രതീതി സൃഷ്ടിച്ചു കൊണ്ട് ഇഖ്ബാലും ടീമും അവരെ വരവേൽക്കുന്നു.
അവാർഡ് ദാന ചടങ്ങിലെന്ന പോലെയാണ് ഈ സ്വീകരണം. ഏറെ ആഗ്രഹിച്ച ഗോൾഡൻ വിസ നേടിത്തരാൻ സഹായിച്ച ഇഖ്ബാലിനെ അവർ സ്നേഹത്തോടെയും കൃതജ്ഞതയോടെയും കെട്ടിപ്പുണരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇത്തരം വീഡിയോകളിലൂടെ ഇഖ്ബാൽ മാർക്കോണി ഒരു സെലിബ്രിറ്റി ആയി മാറി.ഈ നേട്ടം വെറും ഭാഗ്യമല്ലെന്ന് മാർക്കോണി വിശ്വസിക്കുന്നു. കാരണം ദുബായിയിലെ ബിസിനസ്സ് സെറ്റപ്പ് വ്യവസായത്തിൽ നിന്ന് പുറംതള്ളപ്പെട്ടതിന് ശേഷമാണ് ഈ തിരിച്ചുവരവ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ സഹായിച്ചത് ആദ്യ ജോലിയിൽ നിന്ന് ലഭിച്ച പരിശീലനമാണെന്ന് അദ്ദേഹം പറയുന്നു.
- ഒരുപാട് കടൽ കണ്ട നാവികൻ, ചെറുതിരകളിൽ ഉലയില്ല!
മർച്ചന്റ് നേവിയിൽ ആണ് ഞാൻ എന്റെ ഔദ്യോഗിക ജിവിതം ആരംഭിക്കുന്നത്. അല്ലാതെ ദുബൈയിലുള്ള പലരും കരുതി വെച്ചിരിക്കുന്നതുപോലെ ബിസിനസ്സ് സെറ്റപ്പ് മേഖലയിലല്ല. ഇതിൽ ഞാൻ എത്തിച്ചേരുന്നത് യാദൃച്ഛികമായാണ്. എന്നാൽ ഞാൻ ആഗ്രഹിച്ചും മുംബൈയിലും ഡൽഹിയിലും കൊൽക്കത്തയിലുമായി പഠിച്ചും നേടിയതാണ് മർച്ചന്റ് നേവിയിലെ കമ്മ്യൂണിക്കേഷൻ എൻജിനീയർ ജോലി. കളക്റ്റർമാർ 7000 ഉം പൈലറ്റുമാർ 15000 ഉം പ്രഗത്ഭ ഡോക്ടർമാർ 25000 ഉം രൂപ ശമ്പളം വാങ്ങുന്ന അക്കാലത്തു എനിക്കു ട്രെയിനിങ് കാലത്തു മൂലക്ഷം രൂപ കിട്ടിയിരുന്നു. അത് ഉയർന്ന് ആറുലക്ഷം വരെയെത്തി. ഈ കണക്കുകൾ ആത്മപ്രശംസയായി ദയവായി തെറ്റിദ്ധരിക്കരുത്. മർച്ചന്റ് നേവിയിലെ ഒരു കമ്മ്യൂണിക്കേഷൻ എൻജിനീയർ തസ്തികയുടെ പ്രാധാന്യം ബോധപ്പെടുത്താൻ പറഞ്ഞതാണ്. ഈ ഉയർന്ന ജോലിയാണ് എന്നെ ജീവിതത്തിന്റെ ഉയരങ്ങൾ കാണിച്ചുതന്നത്. ഒരുപാട് രാജ്യങ്ങൾ കാണിച്ചുതന്നത്. നേവിയിൽ ചിലവഴിച്ച ആ 12 വർഷത്തിനിടയിൽ ഞാൻ 100നടുത്തു നാഷണാലിറ്റിയോടൊത്തു ജോലിചെയ്തു. ഏതാണ്ട് ലോകം മുഴുവൻ കണ്ടു. പല തട്ടിലുള്ള മനുഷ്യരെയും അവരുടെ പലമട്ടിലുള്ള ജീവിതവും കണ്ടു. ഇതെല്ലാം എനിക്കു കിട്ടിയ വലിയ അനുഭവങ്ങളാണ്.ഒരുപാട് കടലുകൾ കണ്ട നാവികനെപ്പോലെ കരുത്തുറ്റ അനുഭവങ്ങളുമായാണ് ഇഖ്ബാൽ മാർക്കോണി ദുബായിൽ സങ്കൂരമിട്ടതെന്നു സാരം. അപ്പോൾ പിന്നെ ചെറു കാറ്റിലും കോളിലും 'ലൈഫ് ഷിപ്പ്' ഒന്നുലഞ്ഞാൽ പേടിക്കൂടാതെയിരിക്കാനും പ്രതിസന്ധികളുടെ തിരമാലകൾക്കുമേൽ അതിനെ നയിക്കാനും കഴിയും. ജോലിയിൽനിന്നു വിരമിച്ച് ദുബായിൽ വന്നു തുടങ്ങുകയും വലിയ വിജയത്തിലേക്ക് പോവുകയും ചെയ്ത ഇ സി എച്ച് എന്ന ബിസിനസ്സ് സെറ്റപ്പ് സ്ഥാപനം ചിലർ ഉയർത്തിയ പ്രതിസന്ധിയിൽ ഉലഞ്ഞപ്പോഴും പൂട്ടിപ്പോകലിന്റെ വക്കിൽ എത്തിയപ്പോഴും അതിൽനിന്നു കരകയറാനും ഇരട്ടി പവറോടെ റീ ബ്രാൻഡ് ചെയ്തു വിജയിക്കാനും കഴിഞ്ഞത് ഇപ്പറഞ്ഞ അനുഭവങ്ങൾ നൽകിയ മനോബലത്തിലാണ്.
- പേരിനൊപ്പം മാർക്കോണി വന്നത്?
മർച്ചന്റ് നേവിയിലെ ജോലിയിലിരിക്കെ 90കളിൽ സാമൂഹിക ജീവിതത്തെയാകെ മാറ്റിമറിച്ചുകൊണ്ട് ഉദയം കൊണ്ട കമ്പ്യൂട്ടർ വിപ്ലവത്തിൽ ആകൃഷ്ടനായി 'മാർക്കോണി' എന്നപേരിൽ കോഴിക്കോട് ഒരു കമ്പ്യൂട്ടർ ഷോപ്പ് തുറന്നു. അത് വരുംകാലത്തെ വലിയ ബിസിനസ്സിലേക്കുള്ള ചുവടുവയ്പ്പ് ആണെന്നോ 'മാർക്കോണി' എന്ന ഈ പേര് വരും നാളിൽ തന്റെ പേരിനൊപ്പം ചേരുമെന്നോ അന്ന് ഒട്ടും കരുതിയിരുന്നില്ല. എന്നാൽ ഈ പേര് ഇന്ന് ദുബൈയിൽ ബിസിനസ്സ് സെറ്റപ്പ് രംഗത്തെ ഒരു പ്രബല നാമമാണ്; ഐഡന്റിറ്റിയാണ്. 1999 ൽ കമ്പ്യൂട്ടർ സാക്ഷരത സർക്കാർ ചുമതലയിൽ ആരംഭിച്ചപ്പോൾ, അന്നത്തെ ഐ.ടി മന്ത്രിയുടെ സെക്രട്ടറിയായിരുന്ന അരുണ സുന്ദരരാജിന് മുന്നിൽ വെച്ച ഒരാശയമാണ് പിന്നീട് അക്ഷയ സെന്ററുകളായി പിറവിയെടുത്തതെന്ന് ഇഖ്ബാൽപറയുന്നു. കമ്മൂണിക്കേഷൻ എൻജിനീയർ ആയി വർഷങ്ങളോളം ജോലിയെടുത്തൊരാൾ, ആ മേഖലയിൽ ഉണ്ടാകുന്ന പുതു പ്രവണതകളെ സാകൂതം നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുക സ്വാഭാവികം.
അങ്ങനെയാണ് ഇഖ്ബാൽ അതിവിപുലമായ രീതിയിൽ, ഒരു കാൾസെന്റർ തുടങ്ങുന്നത്. കണക്റ്റ്, പിയറി ടെക്നോളജി തുടങ്ങിയ അമേരിക്കൻ കമ്പനികളുടെ കരാറുകൾ തുടക്കത്തിലേ തന്നെ നേടാനായി. വിവര സാങ്കേതിക വിദ്യയുടെ ആ ആവിർഭാവകാലം ഇക്ബാലിന്റെ ജീവിത്തെ വീണ്ടും തിരക്കുള്ളതാക്കി. കോഴിക്കോട്-ദുബൈ-യു എസ് സെക്ടറിൽ സ്ഥിരം യാത്രക്കാരനായി പറന്നുനടന്നു. ആ ബിസിനസ്സ് യാത്രകളിലെ 'സ്റ്റോപ്ഓവർ' ആയിരുന്ന ദുബൈയെ ഓരോ വരവിനും കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ട ഇഖ്ബാൽ അവിടെയും തന്റെ ഐ. ടി സംബന്ധ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിച്ചു.ദുബൈ ഫ്രീസോണിൽ ഒരു ടെലികോം കമ്പനി സ്ഥാപിച്ചുകൊണ്ട് ലോകമാകെ പടരാം എന്ന വലിയ സ്വപ്നം പക്ഷേ അതിനുള്ള ട്രേഡ് ലൈസൻസിന് സമീപിച്ച ബിസിനസ്സ് സെറ്റപ്പുകാരുടെ ചൂഷണത്തിൽ പെട്ട് പൊലിഞ്ഞു പോകുകയായിരുന്നു എന്ന് മാർക്കോണി പറയുന്നു. ഓരോ ആവശ്യവും പറഞ്ഞു പലതവണയായി തന്നിൽനിന്നു പണം വാങ്ങുകയും രണ്ടുമൂന്നുമാസം നടത്തുകയും ചെയ്തതല്ലാതെ ട്രേഡ് ലൈസൻസ് കിട്ടിയില്ല. തന്നെപ്പോലെ കബളിക്കപ്പെട്ടവർ ധാരാളമുണ്ടെന്നും അതിനിടയിൽ മനസ്സിലാക്കുന്നു. ആവശ്യക്കാർ അനവധിയുള്ള ഒരു മേഖലയാണ് ഇതെന്നു കണ്ട മാർക്കോണി ഒരു ബിസിനസ്സ് സെറ്റപ്പ് സ്ഥാപനം തുടങ്ങിയാൽ എന്തെന്നു ചിന്തിക്കുന്നു.
അതിന്റെ ഫലമായി 2016 ൽ എമിറേറ്റ്സ് കമ്പനി ഹൗസ് (ഇ.സി.എച്ച്) എന്ന സ്ഥാപനം ദുബൈ ഖിസൈസ് 'അൽ തവാർ സെന്ററി' ൽ തുറക്കപ്പെടുന്നു. ഉദ്ദേശിച്ചതിനേക്കാൾ വേഗത്തിൽ കമ്പനി വളർന്നുകയറി. ഒന്നിനു പിറകെ ഒന്നായി ബ്രാഞ്ചുകൾ പിറന്നു. ഒരു ദിവസം 300 ട്രേഡ് ലൈസൻസ് വരെ ഇഷ്യു ചെയ്തു. 'ഇതിൽ നിന്നുള്ള ഭീമമായ വരുമാനം ആരുടെയൊക്കെയോ പ്രേരണയാൽ ഭാവന ചെയ്ത സ്പോൺസർ കമ്പനി പിടിച്ചെടുത്തെന്നും താൻ തകർന്നു പോയി' എന്നും മാർക്കോണി പറയുന്നു. മില്യൺ കണക്കിനാണ് എനിക്ക് പണം നഷ്ടപ്പെട്ടത്. ഇനിഎന്തുചെയ്യണമെന്ന് അറിയാതെ ഞാൻ കഴിയുമ്പോഴുണ്ട് ഒരു അറബ് പൗരൻ സഹായവുമായി വന്നു. പുതിയ ഒരു സ്ഥാപനം തുടങ്ങുന്നതിനായി ഒരു മില്യൺ ദിർഹമിന്റെ ചെക്ക് എഴുതി തന്നു. ഡോക്കുമെന്റുകൾ സൂക്ഷിക്കാൻ ഒരു ഓഫീസ് മുറിയും വിട്ടുതന്നു. പക്ഷേ തുടങ്ങുന്ന ബിസിനസ്സ് നന്നായി വന്നില്ലെങ്കിൽ കടം വീടാനാവില്ലല്ലോ എന്നു കണ്ട് ഞാൻ ചെക്ക് തിരികെകൊടുക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം എത്രനിർബന്ധിച്ചിട്ടും വാങ്ങാൻ തയ്യാറായില്ല. ആ ചെക്ക് ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
- ജീവനക്കാർ കൂടെ നിന്നു; ഇ.സി.എച്ച് ഡിജിറ്റൽ പിറന്നു
'ഇഖ്ബാൽ ഭായ് തുടങ്ങു ജീവൻ തന്നും ഞങ്ങൾ എല്ലാവരും കൂടെ നിൽക്കാം' പ്രതിസന്ധി ഘട്ടത്തിൽ വിട്ടുപോയവരിൽ അവശേഷിച്ച ജീവനക്കാർ ഒരു ദിവസം കൂട്ടത്തോടെ വന്നു ഇങ്ങനെ പറഞ്ഞതോടെ ഒരു മറുജന്മത്തിനു വഴിതുറക്കുകയായി. അപ്പോൾ ഇഖ്ബാലിന്റെ മറുപടി ഇങ്ങനെയായി 'നിങ്ങൾ മുന്നിട്ടിറങ്ങൂ.. ഇൻവെസ്റ്റ് മെന്റ് ഉൾപ്പടെ എല്ലാ സപ്പോർട്ടോടെയും ഞാൻ പിന്നിൽ നിൽക്കാം' ആരാണ് മുന്നിൽ, ആരാണ് പിന്നിൽ എന്നു തിരിച്ചറിയാനാവാത്തവിധം ഒരേ വികാരത്തോടെ അവർ അലിഞ്ഞു ചേർന്നപോലെയായി പിന്നീടു കാര്യങ്ങൾ.അൽ തവാർ സെന്ററിന് അടുത്തുതന്നെ പുതു സ്ഥാപനം പിറന്നു-ഇ സി എച്ച് ഡിജിറ്റൽ. 'ഞാൻ ഓടിപ്പോയി എന്ന് പ്രചരിപ്പിച്ചവർക്കു നന്ദി പറയാനാണ് ഇപ്പോൾ എനിക്കുതോന്നുന്നത്. എല്ലാവർക്കും ഒരുദിവസം പോയേ തീരൂ, മരണത്തിലേക്ക്. അതുവരെ നമ്മൾ ജീവിച്ചിരിക്കും. ആ ജീവിതവും കയ്യിൽ വച്ചു പോരാടും. വിജയിക്കാം. പരാജയപ്പെടാം. രാണ്ടായാലും നമുക്ക് ജീവിച്ചേ മതിയാകൂ. എതു പ്രതിസന്ധിഹഘട്ടത്തിലും നമ്മൾ തളർന്നു പോകരുത്. എപ്പോഴും ഊർജ്ജസ്വലതയോടു കൂടിയിരിക്കണം. ഇതാ ഒരു തകർന്ന മനുഷ്യൻ എന്നു നമ്മെ നോക്കി ആരും പറയരുത്.' ഇഖ്ബാലിൽ എപ്പോഴും തുടിച്ചുനിൽക്കുന്ന ഊർജ്ജം കണ്ടിട്ടാവാം 'ആടുജീവിത' ത്തിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകൻ ബ്ലസ്സി ഇഖ്ബാലിൽ നിന്നു ഗോൾഡൻ വിസ പ്രതീകാത്മകമായി സ്വീകരിച്ചുകൊണ്ടുള്ള തന്റെ നന്ദിവാക്കുകളിൽ ഇത്രകൂടി ചേർത്തത്. 'ഇത്ര എനർജിറ്റിക്കായ ഒരാളെ കാണാൻ ബുദ്ധിമുട്ടാണ്. നടപ്പും എടുപ്പും മാനറിസവുമെല്ലാം കണ്ടിട്ട് ഒരു സിനിമയിൽ കാഥാപാത്രത്തെ സൃഷ്ട്ടിക്കാൻ പറ്റിയതാണെന്ന് എനിക്കു തോന്നുന്നു. സന്ദർഭം വന്നാൽ ഞാനതു ചെയ്യും' ബ്ലസ്സിയുടെ ഉത്സാഹം നിറഞ്ഞ ആ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
- അറബിയുടെ ഷോപ്പ് ഉദ്ഘാടനം ചെയ്ത മലയാളി
തന്റെ സ്ഥാപനത്തിലൂടെ 34,000ത്തോളം ഗോൾഡൻ വിസയുടെ നടപടിക്രമങ്ങളിൽ പങ്കാളിയായ ഇഖ്ബാൽ മാർക്കോണിക്ക് ആ നിലക്ക് ഗവൺമെന്റ് തലത്തിലും പരിഗണന ലഭിച്ചിട്ടുണ്ട്. താമസ കുടിയേറ്റ വകുപ്പിലെ ഇൻസ്റ്റാഗ്രാം പേജിലും സെലിബ്രറ്റി വിഭാഗം ഒഫീഷ്യൽ പേജിലും ഇഖ്ബാലിന്റെ പേരും ചിത്രവും പേരും ചേർക്കപ്പെട്ടിട്ടുണ്ട്. ഒരു അറബ് പൗരന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ താൻ ക്ഷണിക്കപ്പെട്ട കാര്യവും ഇക്ബാലിന് ഇതോടുചേർത്തു പറയാനുണ്ട്. ഇങ്ങനെയെല്ലാം 'ഗോൾഡൻ വിസ മാൻ ഓഫ് യു.എ.ഇ' എന്ന വിശേഷണത്തോടെ ഒരു മലയാളി ഓൺട്രപ്രണറർ യു.എ.ഇയുടെ ദേശീയതയിൽ അലിഞ്ഞുചേരുകയാണെന്നു പറയാം.
വയനാട് ബത്തേരിയിൽ ഒരു ബിസിനസ് കുടുംബത്തിൽ ഹുസൈൻ കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകൻ ലോകം കാണട്ടെയെന്നു പറഞ്ഞു മാർക്കോണിയെ കുടുംബ ബിസിനസിൽ ഏർപ്പെടുത്താതെ ഉയർന്ന വിദ്യാഭ്യാസം നേടാൻ പ്രേരിപ്പിച്ചത് ഉമ്മയാണ്. അതിനാൽ ഈ ജിവിതം കടപ്പെട്ടിരിക്കുന്നത് ഉമ്മയോടാണ് എന്ന് മാർക്കോണി പറഞ്ഞു. ഭാര്യ: ഷഹന, മകൻ ഡോ. അഖിൻ (ന്യൂ ഡൽഹി), മകൾ നൈനിക (ദുബൈ) എന്നിവർ മെഡിസിന് പഠിക്കുന്നു.