'ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം' ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം തുറക്കുമ്പോള്‍ അറിയേണ്ട ചിലകാര്യങ്ങള്‍
|ഷെയ്ഖ് സായിദ് റോഡില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടത്തെ വാസ്തുവിദ്യയുടെ വിസ്മയമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്
'ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം' എന്ന് വിശേഷിപ്പിക്കുന്ന ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം ഈ മാസം 22ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമ്പോള്‍ മ്യൂസിയത്തെക്കുറിച്ച് കൗതുകകരമായ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
ഷെയ്ഖ് സായിദ് റോഡില്‍ എല്ലാവരുടേയും ശ്രദ്ധപതിയും വിധം പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടത്തെ വാസ്തുവിദ്യയുടെ വിസ്മയമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍, ഏഴ് നിലകളുള്ള തൂണുകളില്ലാത്ത നിര്‍മിതിക്ക് 77 മീറ്റര്‍ ഉയരമാണുള്ളത്. ടോറസ് ആകൃതിയിലാണ് മ്യൂസിയത്തിന്റ ഘടനയുള്ളത്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പ്രതലത്തിന് മുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന അറബി കാലിഗ്രാഫിയാണ് മ്യൂസിയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.
ഭാവിയെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള ഷെയ്ഖ് മുഹമ്മദിന്റ ഉദ്ധരണികള്‍ ഇമിറാത്തി ആര്‍ട്ടിസ്റ്റ് മത്താര്‍ ബിന്‍ ലഹേജ് രൂപകല്‍പ്പന ചെയ്ത പ്രകാരമാണ് 14,000 മീറ്ററിലധികം വിസ്തൃതിയില്‍ മ്യൂസിയത്തില്‍ കൊത്തിവെച്ചിട്ടുള്ളത്.
കെട്ടിടത്തോടനുബന്ധച്ച് സ്ഥാപിച്ച സ്റ്റേഷനില്‍ ഉത്പാദിപ്പിക്കുന്ന 4,000 മെഗാവാട്ട് സൗരോര്‍ജ്ജം ഉപയോഗിച്ചാണ് മ്യൂസിയം മുഴുവനും പ്രവര്‍ത്തിക്കുന്നത്.
സന്ദര്‍ശകര്‍ക്കായി മ്യൂസിയത്തിന് പുറത്തും ചുറ്റുമുള്ള പാര്‍ക്കില്‍ 80 ഇനം സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അത്യാധുനിക ഓട്ടോമാറ്റിക് ജലസേചന സംവിധാനത്തിലൂടെയാണ് അവയെ പരിപാലിക്കുന്നത്.
ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഒന്നായാണ് നാഷണല്‍ ജിയോഗ്രാഫിക് ഈ മ്യൂസിയത്തെ കണക്കാക്കിയിരിക്കുന്നത്.
ഘടന
മ്യൂസിയം പ്രതീകാത്മകമാണെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് അതിന്റെ ഘടനയെക്കുറിച്ച് പറയുന്നത്. വൃത്താകൃതിയിലുള്ള കെട്ടിടം മനുഷ്യത്വത്തെ പ്രതിനിധീകരിക്കുമ്പോള്‍, അതിന്റെ മുകളിലുളള പച്ച കുന്ന് ഭൂമിയെയും ശൂന്യത അജ്ഞാതമായ ഭാവിയെയുമാണ് പ്രതിനിധീകരിക്കുന്നത്. വര്‍ത്തമാനകാലത്തിനപ്പുറം സാധ്യമായതിലേക്കെല്ലാം എത്തി നോക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ പറയുന്നത്.
രൂപകല്‍പ്പന
ദുബൈയിലെ വാസ്തുവിദ്യാ മേഖലയില്‍ ദീര്‍ഘകാലമായി പരിചയസമ്പത്തുള്ള ആര്‍ക്കിടെക്റ്റ് ഷോണ്‍ കില്ലയില്‍ നിന്നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ഡിസൈന്‍ പിറവിയെടുത്തത്.
കെട്ടിടത്തിനു മുന്‍വശത്തെ കാലിഗ്രാഫി
നഗരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാടുകളാണ് അറബി കാലിഗ്രാഫിയില്‍ അതില്‍ കൊത്തിവെച്ചിട്ടുള്ളത്. 'നമ്മള്‍ നൂറുകണക്കിന് വര്‍ഷങ്ങളൊന്നും ജീവിച്ചിരിക്കില്ല, പക്ഷേ നമ്മുടെ കാലശേഷവും നമ്മുടെ സര്‍ഗ്ഗാത്മകതയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു പാരമ്പര്യത്തെ ദീര്‍ഗ്ഗകാലത്തേക്ക് അവശേഷിപ്പിക്കാന്‍ കഴിയും', 'സങ്കല്‍പ്പിക്കാനും രൂപകല്‍പ്പന ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നവരുടേതാണ് ഭാവി', കൊത്തിവെച്ച പ്രധാന ആശയങ്ങളില്‍ ചിലതാണിത്.
ഷെയ്ഖ് സായിദ് റോഡില്‍ എമിറേറ്റ്സ് ടവേഴ്സിന് സമീപമാണ് വാസ്തുവിദ്യയിലെ ഈ മനോഹര സൃഷ്ടി സ്ഥിതി ചെയ്യുന്നത്.