ലുലു ഗ്രൂപ്പ് ഓഹരികൾ പൊതുജനങ്ങളിലെത്തിക്കാൻ യു.എ.ഇയിലെ എട്ട് പ്രമുഖ ബാങ്കുകളെ നിശ്ചയിച്ചു
|അബൂദബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഈമാസം 28 മുതലാണ് ഓഹരികളുടെ വിൽപന ആരംഭിക്കുന്നത്
ദുബൈ: ലുലുഗ്രൂപ്പ് ഓഹരികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ഈ ഓഹരികൾ എങ്ങനെ സ്വന്തമാക്കാം എന്ന അന്വേഷണത്തിലാണ് പലരും. അബൂദബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഈമാസം 28 മുതലാണ് ഓഹരികളുടെ വിൽപന ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പ് ഓഹരികൾ പൊതുജനങ്ങളിലെത്തിക്കാൻ യു.എ.ഇയിലെ എട്ട് പ്രമുഖ ബാങ്കുകളെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് ലുലു ഓഹരികൾ വാങ്ങാൻ താൽപര്യമുണ്ടെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ സന്ദേശമയച്ച് തുടങ്ങിയിട്ടുണ്ട്.
അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എന്ബിഡി ക്യാപിറ്റൽ, എച്ച്എസ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേർമസ് യുഎഇ, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, മാഷ്‌റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവ്വഹിക്കുന്നത്.
ഒക്ടോബർ 28 ന് ശേഷം ഓഹരിയുടെ ആദ്യ വിൽപന വിലക്ക് അനുസരിച്ച് എത്ര ഓഹരികൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ബാങ്കുകളുടെ വെബ്‌സൈറ്റ് വഴിയും ആപ്പുകൾ വഴിയും അപേക്ഷ നൽകാം. തുക അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ ഈടാക്കും. നവംബർ അഞ്ചിന് വിൽപന അവസാനിപ്പിച്ച ശേഷം നവംബർ 12 ന് എത്ര ഓഹരികളാണ് അപേക്ഷകർക്ക് അലോട്ട് ചെയ്തത് എന്ന അറിയിപ്പ് ലഭിക്കും. അപേക്ഷിച്ചതിനേക്കാൾ കുറഞ്ഞ ഓഹരികളാണ് അലോട്ട് ചെയ്തതെങ്കിൽ ബാക്കി തുക അക്കൗണ്ടിലേക്ക് തിരിച്ചുവരും. നവംബർ 14 ന് ശേഷം ഈ ഓഹരികൾ അബൂദബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും.