പേപ്പർബില്ലുകൾ സൂക്ഷിക്കേണ്ട; മൂല്യവർധിത നികുതി തിരിച്ചടവിന് യു.എ.ഇയിൽ ഇലക്ട്രോണിക് ബില്ലുകൾ മതി
|ലോകത്ത് ആദ്യമായാണ് പേപ്പർരഹിതമായി വാറ്റ് തിരിച്ചടവിന് സൗകര്യമുണ്ടാകുന്നത്
ദുബൈ: യുഎഇ സന്ദർശിച്ച് മടങ്ങുന്നവർക്ക് മൂല്യവർധിത നികുതി തിരിച്ചുനൽകാൻ പേപ്പർബില്ലുകൾ ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. സ്ഥാപനങ്ങൾ നൽകുന്ന ഇലക്ട്രോണിക് ബില്ലുകൾ സമർപ്പിച്ചാൽ സന്ദർശക വിസക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് വാറ്റ് തുക തിരികെ ലഭിക്കും.
ലോകത്ത് ആദ്യമായാണ് പേപ്പർരഹിതമായി വാറ്റ് തിരിച്ചടവിന് സൗകര്യമുണ്ടാകുന്നത്. വിലയുടെ അഞ്ച് ശതമാനമാണ് യുഎഇയിലെ മൂല്യവർധിത നികുതി. ഇത് തിരിച്ചുകിട്ടാൻ സന്ദർശകർക്ക് എല്ലാ ബില്ലുകളും സൂക്ഷിച്ച് വെക്കേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ബിൽ നഷ്ടപ്പെട്ടാലും മൊബൈലിൽ ലഭിക്കുന്ന ഇ-ബിൽ ഉണ്ടെങ്കിൽ നികുതി തുക ലഭിക്കും. യു.എ.ഇയുടെ പേപ്പർരഹിത നയത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വർഷം നവംബർ മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് പൂർണമായും പേപ്പർ രഹിതമാക്കാൻ തീരുമാനിച്ചത്.
ഈ വർഷം നികുതി ഫണ്ട് തിരികെ ലഭിക്കാൻ അപേക്ഷിച്ചവരുടെ എണ്ണത്തിൽ 104.15 ശതമാനം വർധിച്ചിരുന്നു. ഈ വർഷം എട്ട് മാസത്തെ കണക്കനുസരിച്ച് 2.31 ദശലക്ഷം ഇടപാടുകളാണ് ഇത്തരത്തിൽ നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. 35 ലക്ഷം പരമ്പരാഗത ഇൻവോയിസ് പേപ്പറുകളാണ് ഡിജിറ്റലിന് മുന്നിൽ വഴിമാറുക.
Electronic bills are sufficient for VAT refund in UAE