സീ യു ദേര്‍; ദുബൈ എക്സ്പോയുടെ പ്രചരണത്തിന്‍റെ ഭാഗമായി അണിഞ്ഞൊരുങ്ങി എമിറേറ്റ്സ് വിമാനം
|വിമാനചിറകുകളുടെ ചുവടെയുള്ള എൻജിൻ കൗളുകളിൽ എക്സ്പോയുടെ തീയതിയും കുറിച്ചിരിക്കുന്നു.
ദുബൈ എക്സ്പോയുടെ സന്ദേശം ആകാശം വഴിയും ലോകത്തെ അറിയിക്കും. ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസിന്‍റെ വിമാനങ്ങൾ സീയു ദേര്‍ എന്ന സന്ദേശവാചകവുമായി പറക്കും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോയിലേക്ക് ലോക രാജ്യങ്ങളിൽ നിന്ന് വൻതോതിൽ സന്ദർശകർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
പ്രത്യേകം ഡിസൈൻ ചെയ്ത എ 380 വിമാനമാണ് ഇതിനായി പറക്കുക. 'സീ യൂ ദേര്‍' എന്ന് രേഖപ്പെടുത്തിയ വിമാനം പച്ച, ഓറഞ്ച്, പർപ്പിള്‍,, ചുവപ്പ് തുടങ്ങി 11 നിറങ്ങളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എക്സ്പോയുടെ ഭാഗമായി മാറാനുള്ള സന്ദേശവും വിമാനം നൽകുന്നുണ്ട്. വിമാനചിറകുകളുടെ ചുവടെയുള്ള എൻജിൻ കൗളുകളിൽ എക്സ്പോയുടെ തീയതിയും കുറിച്ചിരിക്കുന്നു. എമിറേറ്റ്സിന്റെ പ്രചാരണത്തിനായി ബുർജ ഖലീഫയുടെ മുകളിൽ ഷൂട്ട് ചെയ്ത് വൈറലായ എയർഹോസ്റ്റസിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. ലോസ് ആഞ്ചൽസിലേക്കാണ് ആദ്യം വിമാനം പറക്കുക.
മൂന്ന് വിമാനങ്ങളാണ് എക്സ്പോക്കായി രൂപം മാറ്റുന്നത്. എമിറേറ്റ്സിന്റെ സംഘം തന്നെയാണ്പൂർണമായും പെയിൻറിങും ഡിസൈനിങ്ങും ചെയ്തത്. വിമാനം പൂർണമായും പെയിൻറ് ചെയ്തിട്ടുണ്ട്. 16 ദിവസംകൊണ്ടാണ് വിമാനത്തെ എക്സ്പോക്കായി അണിയിച്ചൊരുക്കിയത്.