സാറ എത്തി! ലോകത്തിലെ ആദ്യ ചെക്ക് ഇൻ റോബോട്ടുമായി എമിറേറ്റ്സ് എയർലൈൻ
|ചെക്ക് ഇൻ ചെയ്യാൻ റോബോട്ടിന്റെ സഹായം ഏർപെടുത്തുന്ന ആദ്യ എയർലൈനാണ് എമിറേറ്റ്സ്
റോബോട്ടുകളുടെ സഹായത്തോടെ ചെക്ക് ഇൻ ചെയ്യാൻ സൗകര്യമൊരുക്കി എമിറേറ്റ്സ് എയർലൈൻ. ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ ഐ.സി.ഡി ബ്രൂക്ഫീൽഡിലാണ് ലോകത്തിലെ ആദ്യ ചെക്ക് ഇൻ റോബോട്ടിനെ എമിറേറ്റ്സ് സജ്ജീകരിച്ചിരിക്കുന്നത്. സാറ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ സഹായത്തോടെ യാത്രക്കാർക്ക് ഇവിടെയെത്തി മുൻകൂർ ചെക്ക് ഇൻ ചെയ്യാം.
ചെക്ക് ഇൻ ചെയ്യാൻ റോബോട്ടിന്റെ സഹായം ഏർപെടുത്തുന്ന ആദ്യ എയർലൈനാണ് എമിറേറ്റ്സ്. യാത്രക്ക് നാല് മണിക്കൂർ മുതൽ 24 മണിക്കൂർ മുൻപ് വരെ ഇവിടെയെത്തി ചെക്ക് ഇൻ പൂർത്തിയാക്കാം. രാവിലെ എട്ട് മുതൽ രാത്രി 10 വരെ ഈ സേവനം ലഭിക്കും. ഇവിടെ ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തിയാൽ മതിയാകും.
'സാറ' ആറു ലോക ഭാഷകൾ സംസാരിക്കും. ചെക് ഇൻ സേവനം മുതൽ ഹോട്ടൽ ബുക്കിങ് വരെയുള്ള വിവിധ കാര്യങ്ങൾ റോബോട്ടിനെ ഉപയോഗിച്ച് പൂർത്തിയാക്കാനാവും. പോർട്ടബിൾ ചെക് ഇൻ റോബോട്ടുകൾ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയാണ് എമിറേറ്റ്സ്.