റമദാൻ സഹായ പദ്ധതി: എമിറേറ്റ്സ് റെഡ് ക്രസന്റിനു കീഴിൽ 44 രാജ്യങ്ങളിലേക്കും സഹായം
|ആകെ 37.6 ദശലക്ഷം ദിർഹത്തിന്റെ സഹായം കൈമാറും
ദുബൈ: വിശുദ്ധ മാസത്തിൽ യു.എ.ഇയിലും പുറത്തുമായി നിരവധി ജീവകാരുണ്യ പദ്ധതികളുമായി എമിറേറ്റ്സ് റെഡ് ക്രസന്റ്. ആകെ 37.6 ദശലക്ഷം ദിർഹത്തിന്റെ സഹായമാകും സംഘടന കൈമാറുക. യു.എ.ഇയിലെ അർഹരായ കുടുംബങ്ങൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
ഭക്ഷ്യോൽപന്നങ്ങൾ, വസ്ത്രങ്ങൾ, ഇഫ്താർ കിറ്റുകൾ ഉൾപ്പെടെ വിവിധ സഹായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് അറിയിച്ചു. യു.എ.ഇയിലെ അർഹരായവർക്കു പുറമെ 44 രാജ്യങ്ങളിലേക്ക് കൂടി സഹായം ലഭ്യമാക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി നിരവധി റമദാൻ ടെൻറുകൾ ഒരുക്കാനും എമിറേറ്റ്സ് റെഡ് ക്രസൻറ് മുന്നിലുണ്ട്. ഇക്കുറി വനിതകൾക്കു മാത്രമായും ടെൻറുകൾ ഒരുക്കും.
അബൂദബിക്കു പുറമെ അജ്മാനിലും വനിതകൾക്കായി റമദാൻ ടെൻറുകൾ സജ്ജമാക്കും. ജീവകാരുണ്യ സഹായം ഉറപ്പാക്കാനുള്ള പദ്ധതികൾക്ക് സംഭാവന കൈമാറാനും എമിറേറ്റ്സ് റെഡ് ക്രസൻറ് ആവശ്യപ്പെട്ടു. യു.എ.ഇയിലുടനീളം 321 കലക്ഷൻ കേന്ദ്രങ്ങൾ വിവിധ മാളുകളിലും മറ്റുമായി സംവിധാനിച്ചിട്ടുണ്ട്. ഇതിനു പുറമെ വെബ്സൈറ്റ്, ആപ്പ്, ബാങ്കുകൾ മുഖേനയും സംഭാവന കൈമാറാം.
യു.എ.ഇക്കും പുറംരാജ്യങ്ങളിലുമുള്ള അർഹരായവർക്ക് റമദാനിൽ സഹായം ഉറപ്പാക്കാനുള്ള വിപുലമായ ദൗത്യമാണിതെന്ന് എമിറേറ്റ്സ് റെഡ് ക്രസൻറ് സെക്രട്ടറി ജനറൽ റാശിദ് മുബാറക് ആൽ മൻസൂരി പറഞ്ഞു. ഗസ്സയിലേക്ക് റമദാനിൽ നിത്യവും 10,000 ഇഫ്താർ കിറ്റുകളുടെ വിതരണവും സഹായ പദ്ധതികളുടെ ഭാഗമാണ്.
Summary: Emirates Red Crescent begins Ramadan campaign to support families in need