എമിറേറ്റ്‌സ് വിമാനങ്ങൾ പരിഷ്‌കരിക്കുന്നു; ചെലവ് 2 ബില്യൺ ഡോളർ
|പ്രതിസന്ധികാലത്ത് ചെലവ് ചുരുക്കാനാണ് വിമാനകമ്പനികൾ ശ്രമിക്കുന്നതെങ്കിലും തങ്ങൾ മികച്ച യാത്രാഅനുഭവം നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക്
ദുബൈ: എമിറേറ്റ്‌സ് വിമാനങ്ങളുടെ ഉൾവശവും ഇരിപ്പിടവും കൂടുതൽ മെച്ചപ്പെടുത്തുന്നു. രണ്ട് ബില്യൺ ഡോളർ ചെലവിട്ടാണ് 120 വിമാനങ്ങളുടെ ഉൾവശം പരിഷ്‌കരിക്കുന്നത്.
ആഢംബര സൗകര്യങ്ങൾക്ക് പേരുകേട്ട എമിറേറ്റ്‌സ് വിമാനങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച യാത്രാ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൻതുക ചെലവിട്ട് വിമാനങ്ങളുടെ ഉൾവശവും സീറ്റിങും പരിഷ്‌കരിക്കുന്നത്. പ്രതിസന്ധികാലത്ത് ചെലവ് ചുരുക്കാനാണ് വിമാനകമ്പനികൾ ശ്രമിക്കുന്നതെങ്കിലും തങ്ങൾ മികച്ച യാത്രാഅനുഭവം നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് പറഞ്ഞു.
വിമാനങ്ങളുടെ ഇന്റീരിയർ പാനൽ മുതൽ ഫ്‌ലോർ വരെ പരിഷ്‌കരിക്കും. വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ മെനുവും പരിഷ്‌കരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് സിനിമ ആസ്വദിക്കുന്നതിനൊപ്പം സിനിമ തിയേറ്ററിലെ ഭക്ഷണമെനുവും ആസ്വദിക്കാൻ അവസരമൊരുക്കും. എമിറേറ്റ്‌സ് ദുബൈയിൽ അടുത്തിടെ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ ഫാമായ ബസ്റ്റിക്കാനയിലെ ഇലകളും പച്ചക്കറികളും വിഭവങ്ങളുടെ ഭാഗമാകും.