ഫുജൈറയിൽ എമിറേറ്റ്സ് വില്ലേജസ് പദ്ധതി; ടൂറിസം വികസനം ലക്ഷ്യം
|ഗ്രാമവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യു എ ഇ നടപ്പാക്കുന്ന എമിറേറ്റ്സ് വില്ലേജസ് പദ്ധതിക്കാണ് ഫുജൈറയിലെ ഖിദ്ഫയിൽ തുടക്കമാകുന്നത്
ഫുജൈറ: ടൂറിസം വികസനം ലക്ഷ്യമിട്ട് യു എ ഇയിലെ ഫുജൈറയിൽ എമിറേറ്റ്സ് വില്ലേജസ് പദ്ധതി വരുന്നു. ഖിദ്ഫയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വർഷം ലക്ഷം വിനോദസഞ്ചാരികളെ ഖിദ്‌ഫയിലേക്ക് ആകർഷിക്കാൻ പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തുന്നത്.
യു എ ഇ ഗ്രാമങ്ങളിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഗ്രാമവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ യു എ ഇ നടപ്പാക്കുന്ന എമിറേറ്റ്സ് വില്ലേജസ് പദ്ധതിക്കാണ് ഫുജൈറയിലെ ഖിദ്ഫയിൽ തുടക്കമാകുന്നത്. ബിസി രണ്ടായിരം മുതൽ 1300 വരെ പഴക്കമുള്ള ശ്മശാനങ്ങൾ കണ്ടെത്തിയ പ്രദേശമാണ് ഖിദ്ഫ.
നൂറുകണക്കിന് പുരാവസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ 200 യുവാക്കളെ പരിശീലിപ്പിക്കും. പത്ത് ബില്യൺ ചെലവിൽ ഇവിടെ വൈദ്യുതി ഉൽപാദന കേന്ദ്രം നിർമിക്കും. യുവാക്കൾക്കായി അമ്പത് വികസന പദ്ധതികളും ഇവിടെ വരും.