വനിതകള്‍ക്കായി സംരംഭകത്വ പരിശീലനവും സംരംഭക സംഗമവും നടത്തി
|അബൂദബി: 'കമോണ്‍ കേരള' നാലാം എഡിഷനു മുന്നോടിയായി വനിതകള്‍ക്കായി സംരംഭകത്വ പരിശീലനവും വനിതാ സംരംഭകരുടെ സംഗമവും സംഘടിപ്പിച്ചു. കമോണ്‍ കേരള മുസ്സഫാ ബിസിനസ് വിങ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ വനിതാ സംരംഭകരായ ലിജി ജോബീസ്, സോഫിയ പാലിയത്ത് എന്നിവര്‍ Be a dreamer and Doer, Entrepreneurship- Leagel frame work എന്നീ വിഷയങ്ങളില്‍ സംസാരിച്ചു.
ഫര്‍ഹ ഫാത്തിമയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ കമോണ്‍ കേരള മുസഫ ചാപ്റ്റര്‍ കോഡിനേറ്റിങ് കമ്മിറ്റി മെമ്പര്‍ റസിയ ബീഗം അധ്യക്ഷയായി. വിദ്യാ നിഷേന്‍, സെസ്ന ഉമ്മര്‍ കാട്ടില്‍, രഹന എന്നിവര്‍ ബിസിനസ് രംഗത്തെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഡോ. നജ്ല ഷഫീഖ്, ആബിദ ഉസൈര്‍, ആബിദ അലി, ഷഹന സുഹൈല്‍, ജുബ്‌ന എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഗായിക റഫാ റാസിഖ് ഗാനമാലപിച്ചു.
ജൂണ്‍ 24, 25, 26 തിയ്യതികളിലാണ് ഷാര്‍ജ എക്സ്പോ സെന്ററില്‍ ഇന്ത്യന്‍ വാണിജ്യ-വിനോദ-സാംസ്‌കാരിക മേളയായ 'കമോണ്‍ കേരള' നാലാം എഡിഷന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മുസഫ മേഖല ചാപ്റ്റര്‍ കമോണ്‍ കേരള ബിസിനസ് മീറ്റും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.