ഇത്തിഹാദ് റെയിൽ; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനിറ്റ്!
|അബൂദബിയിൽനിന്ന് അൽ റുവൈസിലേക്ക് 70 മിനിറ്റ്
അബൂദബി: യുഎഇയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഇത്തിഹാദ് റെയിൽ പ്രധാന പാതകളിലെ യാത്രാ ദൈർഘ്യം പുറത്തുവിട്ടു. അബൂദബിയിൽനിന്ന് വിവിധ നഗരങ്ങളിലേക്കുള്ള യാത്രാവണ്ടികളുടെ സമയമാണ് റെയിൽ പങ്കുവച്ചത്. അബൂദബിയിൽനിന്ന് ഏകദേശം 140 കിലോമീറ്റർ ദൂരമുള്ള ദുബൈയിലെത്താൻ വെറും 57 മിനിറ്റാണ് ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രയിനെടുക്കുക. പടിഞ്ഞാറൻ നഗരമായ അൽ റുവൈസിലേക്ക് എടുക്കുന്ന സമയം 70 മിനിറ്റ്. അബൂദബിയിൽനിന്ന് റുവൈസിലേക്ക് 240 കിലോമീറ്ററാണ് ദൂരം.
കിഴക്കൻ എമിറേറ്റായ ഫുജൈറയിലേക്കുള്ള യാത്രാ ദൈർഘ്യം 105 മിനിറ്റാണ്. 253 കിലോമീറ്ററാണ് ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം. കൂടുതൽ നഗരങ്ങളിലേക്കുള്ള സമയ ദൈർഘ്യം ഉടൻ പുറത്തുവിടുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.
യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ എന്ന ഹൈടെക് പാസഞ്ചർ റെയിൽ സർവീസ്. രണ്ട് പാസഞ്ചർ സ്റ്റേഷനുകളുടെ വിവരങ്ങൾ ഈയിടെ അധികൃതർ പുറത്തുവിട്ടിരുന്നു. ഫുജൈറയിലെ സകംകം, ഷാർജയിലെ യൂണിവേഴ്സിറ്റി സ്റ്റേഷൻ എന്നിവയുടെ വിവരങ്ങളാണ് റെയിൽ പങ്കുവച്ചത്. പ്രതിവർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ ഉപയോഗപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. 50 ബില്യൺ ദിർഹം ചെലവു വരുന്ന റെയിൽവേ പദ്ധതിയുടെ നിർമാണം 2021 ഡിസംബറിലാണ് ആരംഭിച്ചത്. എന്നു സർവീസ് ആരംഭിക്കുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.