ഇത്തിഹാദ് റെയില്‍ ശൃംഖല; കണ്‍സ്ട്രക്ഷന്‍ ട്രെയ്നുകള്‍ ഓടിത്തുടങ്ങി
|നിര്‍മാണ വീഡിയോ പങ്കിട്ട് അധികൃതര്‍
യു.എ.ഇയുടെ ദേശീയ റെയില്‍വേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാകുന്നു. നിര്‍മാണ പുരോഗതി വിവരിക്കുന്ന വീഡിയോ അധികൃതര്‍ പുറത്തുവിട്ടു. ദുബൈ മുതല്‍ ഫുജൈറ വരെ നീളുന്ന പദ്ധതിയുടെ പാക്കേജ് ഡിയുടെ നിര്‍മാണ പുരോഗതിയാണ് വീഡിയോയില്‍ വിവരിക്കുന്നത്.
കണ്സ്ട്രഷന് ട്രെയ്ന്‍, റെയില്‍വേ പാളങ്ങളില്‍ കല്ലുകളും മറ്റും പാകുന്ന വീഡിയോ ദൃശ്യങ്ങളാണ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. പദ്ധതിയുടെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയരക്ടര്‍ മുഹമ്മദ് അല്‍ ഷെഹി നിര്‍മാണഘട്ടങ്ങള്‍ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലാണ് കണ്‍സ്ട്രക്ഷന്‍ ട്രെയ്ന്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാളങ്ങളില്‍ കൃത്യമായ വ്യത്യാസത്തില്‍ സ്ലീപ്പറുകള്‍ സ്ഥാപിക്കുന്നതിനും കല്ലും മെറ്റലും പാകി ഉറപ്പിക്കുന്നതിനുമാണ് കണ്‍സ്ട്രക്ഷന്‍ ട്രെയിനുകള്‍ ഉപയോഗിക്കുന്നത്.
മെയ് മാസത്തില്‍ ആരംഭിച്ച ഈ ജോലികള്‍ ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുപോവുകയാണ്. ദുബൈ-ഷാര്‍ജ അതിര്‍ത്തികളെ ബന്ധിപ്പിച്ച് റാസല്‍ഖൈമയിലെ അല്ഗൈയില് ഡ്രൈപോര്‍ട്ട് വഴി ഫുജൈറ തുറമുഖം വരെ നീളുന്ന 145 കിലോമീറ്റര്‍ നീളത്തിലാണ് പാക്കേജ് ഡിയില്‍ പാളം നിര്‍മിക്കുന്നത്.