UAE
etihad airways start service to kozhikode and trivandrum
UAE

കോഴിക്കോട്​, തിരുവനന്തപുരം സർവീസുകൾ​ പുനരാരംഭിക്കാൻ ഇത്തിഹാദ്​

Web Desk
|
27 Dec 2023 5:51 PM GMT

ജനുവരി ഒന്നു മുതൽ പ്രതിദിന സർവീസ്​ തുടങ്ങും

അബൂദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക്​ സർവീസ്​ പുനരാരംഭിക്കാൻ തീരുമാനിച്ച്​ ഇത്തിഹാദ് എയര്‍വേഴ്സ്. ജനുവരി ഒന്നു മുതലാണ്​ സർവീസ്​പുനരാരംഭിക്കുക. പ്രതിദിനം ഓരോ സര്‍വീസുകളായിരിക്കും ആദ്യഘട്ടത്തിൽ.

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40ന് അബൂദബിയില്‍നിന്ന് യാത്ര തിരിച്ച് രാത്രി 8 മണിയോടെ​ എത്തുന്ന രീതിയിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസ്. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 320 ആണ്​ സർവീസ് ​നടത്തുക​. ഇതിൽ എട്ട്​ ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്​. തിരിച്ച് രാത്രി 9.30ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 12 മണിയോടെ​ അബൂദബിയിലെത്തും.

എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. പുലർച്ചെ 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.55ന് അബൂദബിയിലെത്തും.

ഏഴ് കിലോ മുതല്‍ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുംവിധം വിവിധ നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാം.

അതേസമയം, ദുബൈ അല്‍ വാസില്‍ സെന്‍ററിലെ ശൈഖ് സായിദ് റോഡില്‍നിന്നും തിരിച്ചും സൗജന്യ ബസും പുതിയ സര്‍വീസുകള്‍ക്കായി ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്. സീറ്റ് വേണ്ടവര്‍ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാത്തവര്‍ക്ക് സീറ്റ് ഉണ്ടെങ്കില്‍ യാത്ര ചെയ്യാം.

ഇത്തിഹാദ് കൊച്ചി വിമാനത്താവളത്തിലേക്ക് ​നിലവില്‍ മൂന്ന് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതോടെ കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലേക്ക് ​സര്‍വീസാവുകയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി ലാന്‍ഡിങ് നിരോധിച്ചതിനെ തുടര്‍ന്ന് 2022 ജൂണില്‍ ഇത്തിഹാദ് സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു.

അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എ നവംബര്‍ ഒന്നിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ടെര്‍മിനല്‍ എയില്‍ നിന്ന് പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 28 ആയി.

Related Tags :
Similar Posts