UAE
വിസ മാറണമെങ്കിൽ രാജ്യം വിടണം; നെട്ടോട്ടമോടി യുഎഇയിലെ പ്രവാസികൾ
UAE

വിസ മാറണമെങ്കിൽ രാജ്യം വിടണം; നെട്ടോട്ടമോടി യുഎഇയിലെ പ്രവാസികൾ

Web Desk
|
26 Dec 2022 5:43 PM GMT

കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത്​ തിരിച്ചുവരാനാണ്​ ശ്രമം

ദുബൈ: രാജ്യത്തിനുള്ളിൽ നിന്ന്​ വിസ മാറാനുള്ള സൗകര്യം യു.എ.ഇ നിർത്തിലാക്കിയതോടെ പുതിയ വിസയെടുക്കാൻ പ്രവാസികളുടെ നെട്ടോട്ടം. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത്​ തിരിച്ചുവരാനാണ്​ ശ്രമം. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡ്​ യാത്രയും ദുഷ്കരമായി.

രാജ്യത്തിനുള്ളിൽ നിന്ന്​ തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ്​ യു.എ.ഇ നിർത്തലാക്കിയത്. വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇയിൽ മുൻപ്​ ഉണ്ടായിരുന്നെങ്കിലും കോവിഡ്​ കാലത്ത്​ ഇതിന്​ ഇളവ്​ നൽകിയിരുന്നു. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസ വിസക്കാരുമെല്ലാം എക്സിറ്റ്​ അടിച്ച ശേഷം തിരിച്ച്​ വരണം. ദിവസവും ആയിരക്കണക്കിനാളുകളുടെ വിസ കാലാവധി കഴിയുന്നുണ്ട്​. ഇവരെല്ലാം ഒമാൻ അതിർത്തിയിലേക്ക്​ ഒഴുകിയെത്തിയതോടെ അതിർത്തി വഴി അത്യാവശ്യ വാഹനങ്ങൾ മാത്രമെ കടത്തി വിടുന്നുള്ളൂ. എല്ലാ ബസുകളും അതിർത്തി കടത്തി വിടുന്നില്ല. സർക്കാർ അംഗീകൃത ബസുകൾ മാത്രമാണ്​ കടത്തിവിടുന്നത്​.

ഇതോടെ യാത്രക്കാർ വിമാന മാർഗം ഒമാനിലെത്തി തുടങ്ങി. വിസയും ടിക്കറ്റും ഉൾപെടെ 1400 ദിർഹത്തിനുമുകളിലാണ് ഇതിന് വേണ്ടി വരുന്ന ചിലവ്. ഒമാനിൽ എത്തിയ ശേഷം വിസ എടുത്ത്​ തിരിച്ചുവരും. എന്നാൽ, വിസ ലഭിക്കാൻ വൈകുന്നവർക്ക് ഒമാനിൽ തങ്ങേണ്ടിയും വരുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിനാളുകൾ സന്ദർശക വിസയിൽ യു.എ.ഇയിലുണ്ട്​. കൃത്യസമയത്ത്​ വിസ പുതുക്കാൻ കഴിയാത്തതിനാൽ പലർക്കും പിഴ അടക്കേണ്ടിയും വരുന്നുണ്ട്.

Related Tags :
Similar Posts