ദുബൈയിൽ സകാത്ത് തുക കണക്കാക്കാൻ വാട്സ്ആപ്പ് വഴി സൗകര്യം
|തങ്ങളുടെ സമ്പാദ്യത്തിൽനിന്നുള്ള സകാത്ത് തുക കണക്ക് കൂട്ടാൻ പ്രയാസപ്പെടുന്നവർക്ക് ദുബൈയിൽ പുതിയ ഓൺലൈൻ സൗകര്യം. വാട്സ്ആപ്പ് വഴി ഓൺലൈനായി സകാത്ത് തുക കണക്കാക്കാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്.
റമദാനിൽ ദാനധർമ്മങ്ങൾ അധികരിക്കുമ്പോൾ തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് സകാത്ത് ഇനത്തിൽ എത്ര തുകയാണ്, ആർക്കൊക്കെയാണ് കൃത്യമായി നൽകേണ്ടതെന്ന് സംശയിക്കുന്നവർക്ക് വലിയ ആശ്വാസമാണ് പുതിയ ഓൺലൈൻ സംവിധാനം.
വാട്ട്സ്ആപ്പിൽ ഏതാനും ചില മിനിറ്റുകൾക്കുള്ളിൽതന്നെ സകാത്ത് തുക കണക്കാക്കാനും അവ ഔദ്യോഗിക ചാനൽ വഴി ആവശ്യക്കാരിലേക്ക് എത്തിക്കാനും സാധിക്കും. സർക്കാർ പദ്ധതിയായ 'സാക്കി പ്ലാറ്റ്ഫോം' വഴിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നവർ +97 18008222 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് ഒരു 'ഹലോ' സന്ദേശം അയയ്ക്കണം. ഇതിന് റിപ്ലേ ആയി ലഭിക്കുന്ന സന്ദേശത്തിൽനിന്ന് ' സകാത്ത് കാൽക്കുലേഷൻ ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
ഇന്നത്തെ മൂല്യത്തിൽ കണക്കാക്കിയാൽ നിങ്ങളുടെ വ്യക്തിഗത സമ്പത്ത് ആകെ 20,378.75 ദിർഹത്തിന് മുകളിലാണെങ്കിലാണ് അതിൽനിന്ന് ഒരു നിശ്ചിത തുക സകാത്ത് നൽകാൻ നിങ്ങൾ നിർബന്ധിതരാകുന്നത്.
ശേഷം വരുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച്, പണത്തിൽനിന്നുള്ള സകാത്ത് തുകയും അതുപോലെ, സ്വർണ്ണത്തിനുള്ള സകാത്ത്, വെള്ളിക്കുള്ള സകാത്ത്, കന്നുകാലികൾക്കും മറ്റു സമ്പാദ്യങ്ങൾക്കുമുള്ള സകാത്ത് ഇവയെല്ലാം കണക്ക് കൂട്ടാൻ ഈ സൗകര്യം നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.