ബാങ്ക് ജീവനക്കാർ ചമഞ്ഞ് തട്ടിപ്പ്; ഷാർജയിൽ അഞ്ച് പേർ പിടിയിൽ
|ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഫോൺ വിളിച്ച് അക്കൗണ്ടിൽനിന്ന് പണം തട്ടിയ സംഘം അറസ്റ്റിൽ. ഷാർജ പൊലീസിന്റെ സി.ഐ.ഡി വിഭാഗമാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. നിങ്ങളുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ഇരകളെ വിളിച്ചത്.
ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞായിരുന്നു ഫോൺ വിളി എത്തിയത്. തട്ടിപ്പാണെന്നറിയാതെ വിവരങ്ങൾ നൽകിയവരുടെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്. പണം നഷ്ടമായവർ പൊലീസിനെ സമീപിച്ചതിനെ തുടർന്ന് നടത്തിയ ഓപറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
തട്ടിപ്പുകാർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കണ്ടെത്തിയ സി.ഐ.ഡി സംഘം ഫ്ളാറ്റിൽ പരിശോധന നടത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. തട്ടിപ്പിനായി ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, സിം കാർഡുകൾ തുടങ്ങിയവ കണ്ടെടുത്തു. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൊതുജനം ജാഗ്രത കാണിക്കണമെന്നും ആര് വിളിച്ചാലും ബാങ്ക് വിവരങ്ങളോ വ്യക്തി വിവരങ്ങളോ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നവർ ബാങ്കിൽ നേരിട്ടെത്തി വിവരങ്ങൾ നൽകണമെന്നും പൊലീസ് അറിയിച്ചു.