യു.എ.ഇയിൽ വ്യാജ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്; അഞ്ച് വർഷം വരെ തടവ് ലഭിക്കും
|പബ്ലിക്ക് പ്രോസിക്യൂഷന്റേതാണ് മുന്നറിയിപ്പ്
യു.എ.ഇയിൽ സർക്കാർ ജീവനക്കാരനെന്ന വ്യാജേന പൊതുരംഗത്ത് പെരുമാറുന്നതും പ്രവർത്തിക്കുന്നതും ഗുരുതരമായ കുറ്റകൃത്യാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
നിശ്ചിത യോഗ്യതയോ, നിയമനമോ ഇല്ലാത്തവർ സർക്കാർ ജീവനക്കാരനെന്ന വ്യാജേന പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നതും പ്രവർത്തിക്കുന്നതും ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. ഇത് നിയമവിരുദ്ധമായ ലക്ഷ്യങ്ങളോടെയോ അല്ലാതെയോ നിർവഹിച്ചാലും അവർ നിയമകുരുക്കിൽ പെടും.
ഇത്തരത്തിൽ പെരുമാറുന്നത് കൊണ്ട് വ്യക്തിപരമായ നേട്ടമോ, മറ്റുള്ളവരുടെ നേട്ടമോ ലക്ഷ്യമിട്ടാണെങ്കിലും കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊലീസുദ്യോഗസ്ഥനോ, സുരക്ഷാഉദ്യോഗസ്ഥനോ ചമഞ്ഞ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഫെഡറൽ നിയമം 2021 ലെ ഫെഡറൽ നിയമം ആർട്ടിക്കിൾ 229 പ്രകാരം തെറ്റാണ്.
ഇത് സർക്കാർ തലത്തിലെ ഏത് ഉദ്യോഗസ്ഥനായി ചമയുന്നതിനും ബാധകമാണ്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.