കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ ധനസഹായ പദ്ധതിക്കായി ഇടപെടുമെന്ന് എംഎ യൂസുഫലി
|ഗൾഫ് കോവിഡ് മരണവിവരം സംസ്ഥാനത്തിനു കൈമാറും. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും യൂസുഫലി പറഞ്ഞു
കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അർഹരാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ എംഎ യൂസുഫലി. ഇവരെക്കൂടി കേരളം തയാറാക്കുന്ന പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു. അബൂദബിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക ലഭിച്ചാൽ മുഖ്യമന്ത്രിക്ക് അയക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ പ്രവാസികളുടെ വിഷയം ഉൾപെടുത്താൻ ഇടപെടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും നോർക്കയുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്താൻ തയാറാണെന്നും യൂസുഫലി പ്രതികരിച്ചു.
കോവിഡ് പ്രതിസന്ധിക്കിടയിലും ലുലു ഗ്രൂപ്പ് വികസനത്തിന്റെ പാതയിൽ തന്നെയാണെന്നും യൂസുഫലി പറഞ്ഞു. നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളാണ്. രാജ്യസുരക്ഷയും പ്രവാസികൾ അടക്കമുള്ളവരുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഗൾഫ് രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുന്നത്. ഇത് അനുസരിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണ്. എത്രയും വേഗം യാത്രാവിലക്ക് നീങ്ങണമെന്നാണ് ആഗ്രഹമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.