300 അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറുന്ന ആദ്യ ക്രിക്കറ്റ് വേദി; വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം
|250 അന്താരാഷ്ട്ര ഏകദിന മൽസരങ്ങൾ നടന്ന ആദ്യ സ്റ്റേഡിയം എന്ന റെക്കോർഡ് ഷാർജ കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു
ദുബൈ: ചരിത്രമുറങ്ങുന്ന ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കുന്നു. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്ന ആദ്യ വേദി എന്ന റെക്കോർഡിന് പിന്നാലെ, 300 അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറുന്ന ആദ്യ ക്രിക്കറ്റ് വേദിയാകാൻ കൂടി തയ്യാറെടുക്കുകയാണ് ഷാർജ.
250 അന്താരാഷ്ട്ര ഏകദിന മൽസരങ്ങൾ നടന്ന ആദ്യ സ്റ്റേഡിയം എന്ന റെക്കോർഡ് ഷാർജ കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. രണ്ടാം സ്ഥാനത്തുള്ള സിംബാബ് വേയിലെ ഹരാരെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 185 ഏകദിനങ്ങളാണ് ഇതുവരെ നടന്നത്. ഒക്ടോബർ മൂന്നിന് വനിതാ ടി20 ലോകകപ്പിന്റെ ഉദ്ഘാടന വേദിയാകാൻ തയാറെടുക്കുന്നതിന് തൊട്ടുമുമ്പാണ് മറ്റൊരു ലോകറെക്കോർഡിന്റെ തൊട്ടരികിലാണ് തങ്ങളെന്ന് ഷാർജ അധികൃതർ പ്രഖ്യാപിച്ചത്.
ക്രിക്കറ്റിന്റെ എല്ലാ ഫോമുകളിലുമായി 299 അന്താരാഷ്ട്ര മൽസരങ്ങൾക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ആതിഥ്യം വഹിച്ചു കഴിഞ്ഞു. വനിതാ ലോകകപ്പ് മൽസരങ്ങൾ ഈ കണക്കുകളിൽ ഉൾപ്പെടില്ലെങ്കിലും മൽസരതുക ഏകീകരിച്ച ശേഷം നടക്കുന്ന ആദ്യ വനിതാ ലോകകപ്പിന് തുടക്കം കുറിക്കുന്നത് ഷാർജയിലാണ് എന്നത് മറ്റൊരു റെക്കോർഡാണ്.