UAE
Flight ticket price,expat,expatriate,flight,uae,kerala
UAE

പ്രവാസിയാണോ? അവധി ആഘോഷിക്കാന്‍ നാട്ടിലെത്തണോ? എങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും... വലിയ വില!

Web Desk
|
8 April 2023 6:37 PM GMT

വേനൽക്കാല ഷെഡ്യൂളിൽ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചതും പ്രവാസികൾക്ക് തിരിച്ചടിയായി.

സ്കൂൾ അവധിയും വിഷു, പെരുന്നാൾ ഉൽസവ സീസണും ഒരുമിച്ച് എത്തിയതോടെ ഗൾഫ്-കേരള സെക്ടറിൽ വിമാന നിരക്ക് കുത്തനെ ഉയരുന്നു. ദിവസങ്ങൾക്കുള്ളിൽ മൂന്നിരട്ടിയിലേറെയാണ് നിരക്ക് വർധിച്ചത്. വേനൽക്കാല ഷെഡ്യൂളിൽ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചതും പ്രവാസികൾക്ക് തിരിച്ചടിയായി.

നാളെ(09-04-2023) ദുബൈയിൽ കൊച്ചിയിലേക്ക് പോകാൻ എയർ ഇന്ത്യ എക്സ്പ്രസിൽ 7,189 രൂപ നൽകിയാൽ മതി. എന്നാൽ, വിഷു ദിവസം ഇതേ സെക്ടറിൽ യാത്ര ചെയ്യാനുള്ള നിരക്ക് 24,266 രൂപയാണ്. പെരുന്നാളിനോട് അടുത്ത ദിവസങ്ങളിലും 22,000 രൂപക്ക് മുകളിലാണ് നിരക്ക്.

ഏറ്റവും ചെലവ് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്കാണ് ഇതെങ്കിൽ മറ്റു വിമാനങ്ങളിലേത് ഒട്ടും താങ്ങാനാവാത്ത നിരക്കാണ്. അടുത്ത ദിവസങ്ങളിൽ നിരക്ക് ഇനിയും വർധിക്കും. ഉത്സവകാലത്ത് നാടണയാൻ കൊതിക്കുന്ന സാധാരണ പ്രവാസികൾക്കും, നാട്ടിലെ സ്കൂളവധിക്ക് ഗൾഫിലേക്ക് പറക്കാൻ ഒരുങ്ങുന്ന കുടുംബങ്ങൾക്കും ടിക്കറ്റിന് മാത്രം വൻതുകയാണ് ചെലവ് വരിക.

വേനൽക്കാല ഷെഡ്യൂളിൽ എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ആഴ്ചയിൽ രണ്ടായിരം സീറ്റാണ് കുറവ് വന്നത്. പകരം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തുമെന്ന വാക്ക് എയർ ഇന്ത്യ പാലിച്ചിട്ടില്ല. ഗൾഫിൽ തന്നെ കേരള- യു എ ഇ സെക്ടറിലാണ് നിരക്ക് കുത്തനെ ഉയരുന്നത്. നിലവിൽ ആഴ്ചയിൽ 65,000 സീറ്റുകളിലാണ് ഈ സെക്ടറിൽ വിമാനങ്ങൾ സർവീസ് നടത്തുന്നത്. യു.എ.ഇ വിമാകമ്പനികൾക്ക് 50,000 സീറ്റുകൾ അനുവദിക്കണമെന്ന യു.എ.ഇയുടെ ആവശ്യവും കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകരിച്ചിട്ടില്ല.

അടുത്തമാസങ്ങളിൽ ഗൾഫിലെ സ്കൂളുകൾ കൂടി അടക്കുന്നതിനാൽ പ്രവാസികളുടെ യാത്രാപ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ഈ സമയങ്ങളിൽ ചാർട്ടേഡ് വിമാനങ്ങൾ ഇറക്കാൻ പ്രവാസി സംഘടനകൾക്ക് അനുമതി ലഭിച്ചാൽ അത് ആശ്വാസമാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

Similar Posts