നിയന്ത്രണങ്ങൾ നീക്കി; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ തിരക്കേറി
|വിമാന ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്
നിയന്ത്രണങ്ങൾ നീക്കിയതോടെ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ തിരക്കേറി. നിർത്തിവെച്ച യാത്രകൾ പുനരാരംഭിക്കാൻ പ്രവാസികൾ തീരുമാനിച്ചത് വിമാന കമ്പനികൾക്ക് നേട്ടമായി. ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇന്ത്യൻ സെക്ടറിൽ തിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.
നിർബന്ധിത ക്വാറന്റൈൻ ചട്ടം കേരളം പിൻവലിച്ചതോടെ തന്നെ നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ ഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞതും നാട്ടിലേക്ക് യാത്ര ചെയ്യാൻ പ്രവാസികളിൽ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ എയർപോർട്ടുകളിലേക്കും അടുത്ത ആഴ്ചയോടെ തിരക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ് ട്രാവൽ കേന്ദ്രങ്ങൾ. ചുരുങ്ങിയ ദിവസങ്ങളിലേക്ക് അടിയന്തരാവശ്യങ്ങളുടെ പൂർത്തീകരണത്തിന് പോകുന്നവരാണ് കൂടുതൽ. മാർച്ച് മൂന്നാം വാരത്തോടെ യു.എ.ഇയിലും മറ്റും പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ, കുടുംബമൊന്നിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണവും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം നാട്ടിലേക്കുള്ള വിമാനയാത്രാ നിരക്കും വർധിക്കുന്ന സാഹചര്യമാണുള്ളത്. പിന്നിട്ട മാസങ്ങളിൽ യു.എ.ഇയിൽ നിന്നും മറ്റും താരതമ്യേന വളരെ കുറഞ്ഞ നിരക്കായിരുന്നു നാട്ടിലേക്ക്.
രണ്ട ്ഡോസ്വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ ഇന്ത്യയിലെത്താൻ ലഭിച്ച പുതിയ അനുമതിയാകട്ടെ ട്രാവൽ, ടൂറിസം മേഖലക്ക് കൂടുതൽ ഉണർവേകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തയാറാക്കിയ 82 രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ യു.എ.ഇയും കുവൈത്തും ഉൾപ്പെടുന്നില്ല. വൈകാതെ ഈ രണ്ട് രാജ്യങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.