ഫ്‌ളൈ ദുബൈക്ക് 14 വയസ് പൂർത്തിയായി
|2009 ജൂണിലാണ് സർവീസ് തുടങ്ങിയത്
ദുബൈയുടെ ബജറ്റ് എയർലൈനായ ഫ്‌ളൈ ദുബൈ സർവീസ് ആരംഭിച്ചിട്ട് 14 വർഷം പിന്നിടുന്നു. 2009 ജൂൺ ഒന്നിനാണ് ചെലവ് കുറഞ്ഞ വിമാനയാത്രക്ക് സൗകര്യമൊരുക്കി ഫ്‌ളൈ ദുബൈ പ്രവർത്തനം ആരംഭിച്ചത്.
ആഢംബര വിമാന സേവനങ്ങൾക്ക് പേരുകേട്ട എമിറേറ്റിസിന് പിന്നാലെ, ചുരുങ്ങിയ ചെലവിൽ വിമാന യാത്ര സാധ്യമാക്കാൻ ലക്ഷ്യമിട്ടാണ് 2009ൽ ഫ്‌ളൈ ദുബൈ എന്ന പേരിൽ വിമാനകമ്പനിക്ക് രൂപം നൽകിയത്.
ജൂൺ ഒന്നിന് ബൈറൂത്തിലേക്കായിരുന്നു കന്നിയാത്ര. സമീപ ഗൾഫ് നഗരങ്ങളിലേക്കും പ്രവാസികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലേക്കും കൂടുതൽ സർവീസ് ആരംഭിച്ച് ഫ്‌ളൈ ദുബൈ വളരെ പെട്ടെന്ന് വ്യോമയാന മേഖലയിൽ പേരെടുത്തു.
52 രാജ്യങ്ങളിലെ 120 നഗരങ്ങളിലേക്ക് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. 90 ദശലക്ഷം യാത്രക്കാർ പതിനാല് വർഷത്തിനിടെ ഫ്‌ളൈ ദുബൈയുടെ സേവനം ഉപയോഗിച്ചു. 136 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം പേർ ജീവനക്കാരായുണ്ട്. 78 ബോയിങ് 737 വിമാനങ്ങളാണ് ഫ്‌ളൈ ദുബൈ സർവീസിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.