UAE
ദുബൈ-അബൂദബി വിമാനത്താവളങ്ങള്‍ക്കിടയിലെ സൗജന്യ ബസ് സര്‍വിസ്;  ആര്‍ക്കൊക്കെ, എപ്പോഴൊക്കെ ഉപയോഗിക്കാം..?
UAE

ദുബൈ-അബൂദബി വിമാനത്താവളങ്ങള്‍ക്കിടയിലെ സൗജന്യ ബസ് സര്‍വിസ്; ആര്‍ക്കൊക്കെ, എപ്പോഴൊക്കെ ഉപയോഗിക്കാം..?

ഹാസിഫ് നീലഗിരി
|
4 July 2022 8:20 AM GMT

ഒരു വണ്‍വേ ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ ഏകദേശം 75 മിനിറ്റ് സമയമാണ് ആവശ്യമായി വരിക

ദുബൈ എയര്‍പോര്‍ട്ടില്‍നിന്ന് ദിവസവും അബൂദബി വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വിസ് ഉണ്ടെന്ന കാര്യം എത്ര പേര്‍ക്കറിയാം..? അത്തരത്തിലൊരു വലിയ സൗജന്യ സൗകര്യം ഉണ്ടെങ്കിലും എല്ലാ യാത്രക്കാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

യു.എ.ഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വേയ്‌സുമാണ് തങ്ങളുടെ യാത്രക്കാര്‍ക്കായി ഈ സൗജന്യസേവനം ഒരുക്കിനല്‍കുന്നത്.

ഇത്തിഹാദിന്റെ സൗജന്യ യാത്രാ സേവനം എങ്ങനെ ഉപയോഗിക്കാം..?

ദുബൈ-അബൂദബി വിമാനത്താവളങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തിഹാദ് നല്‍കുന്ന സൗജന്യ ബസ് സര്‍വിസ് സേവനം ലഭിക്കണമെങ്കില്‍ യാത്രക്കാരുടെ കൈയില്‍ സാധുതയുള്ള ഇത്തിഹാദ് എയര്‍ ടിക്കറ്റ് ഉണ്ടായിരിക്കണം.

ദുബൈ ഷെയ്ഖ് സായിദ് റോഡിലെ അല്‍ വാസല്‍ സെന്ററിന് സമീപം, ന്യൂ സേഫസ്റ്റ്‌വേ സൂപ്പര്‍മാര്‍ക്കറ്റിന് പിന്നിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് ഇത്തിഹാദിന്റെ ബസുകള്‍ യാത്രക്കാരുമായി അബുദാബി വിമാനത്താവളത്തിലേക്ക് പുറപ്പെടുക. ഒരു വണ്‍വേ ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ ഏകദേശം 75 മിനിറ്റ് സമയമാണ് ആവശ്യമായി വരിക.

02.05, 04.10, 06.05, 09.35, 11.30, 16.15, 17.20, 19.05, 20.55, 22.30 എന്നീ സമയങ്ങളിലാണ് ദുബൈയില്‍ നിന്ന് ബസുകള്‍ പുറപ്പെടുകയെന്ന് ഇത്തിഹാദിന്റെ വെബ്‌സൈറ്റിലെ ഷെഡ്യൂളില്‍ പറയുന്നുണ്ട്.



അബുദാബി എയര്‍പോര്‍ട്ടില്‍നിന്ന് ദുബൈയിലേക്ക് 00.15, 01.25, 03.05, 07.05, 08.20, 10.50, 14.25, 20.25, 21.25, 22.10 എന്നീ സമയങ്ങളിലും ബസുകള്‍ പുറപ്പെടും.

ഇത്തിഹാദിന്റെ ഈ സേവനം ലഭിക്കണമെങ്കില്‍, കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും സീറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം.

എമിറേറ്റ്‌സിന്റെ ബസ് സേവനം ആവശ്യമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അബുദാബിക്കും ദുബൈയ്ക്കുമിടയില്‍ എമിറേറ്റ്‌സ് ബസുകളുടെ സൗജന്യസേവനം ഉപയോഗിക്കാനാഗ്രഹിക്കുന്നവര്‍, കുറഞ്ഞത് 48 മണിക്കൂര്‍ മുമ്പെങ്കിലും സീറ്റുകള്‍ ബുക്ക് ചെയ്യണമെന്നാണ് എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. കൂടാതെ എമിറേറ്റ്‌സിന്റെ സാധുവായ ഫ്ളൈറ്റ് ടിക്കറ്റും കൈവശം ഉണ്ടായിരിക്കണം.




03.00, 09.45, 16.30, 22.00 എന്നീ സമയങ്ങളില്‍ അബുദാബിയിലെ കോര്‍ണിഷ് റോഡിലെ എമിറേറ്റ്‌സ് ഓഫീസിന്റെ മുന്‍വശത്തുനിന്നാണ് ബസുകളില്‍ യാത്രക്കാരെ കയറ്റുക. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3ലാണ് ബസ് യാത്രക്കാരെ ഇറക്കുക.

ദുബൈയില്‍നിന്ന് അബൂദബിയിലേക്കുള്ള സര്‍വിസുകള്‍ 03.00, 10.00, 15.00, 23.00 എന്നീ സമയങ്ങളില്‍ അതേ സ്ഥലത്ത് നിന്ന് തന്നെ ആരംഭിക്കും.

Similar Posts