പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിൽ ഏഴ് ദിവസം പാർക്കിങ് സൗജന്യം
|ഏപ്രിൽ 30 മുതൽ മെയ് ആറ് വരെയാണ് ദുബൈയിൽ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയുള്ളത്
പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിൽ ഏഴ് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. എന്നാൽ, ഷാർജയിൽ അഞ്ച് ദിവസം മാത്രമേ പാർകിങ് സൗജന്യമുള്ളു. ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ പെരുന്നാൾ അവധിക്കാലത്തെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ 30 മുതൽ മെയ് ആറ് വരെയാണ് ദുബൈയിൽ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയുള്ളത്. എന്നാൽ, ആർ ടി എയുടെ ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ പാർക്കിങിന് ഇളവുണ്ടാവില്ല. മെയ് ഏഴ് മുതൽ ദുബൈ നഗരത്തിലെ പാർക്കിങ് ഇടങ്ങളിലെല്ലാം പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങും. പെരുന്നാൾ ദിവസം മുതൽ മെയ് അഞ്ച് വരെയാണ് ഷാർജയിൽ ഇളവ്. എന്നാൽ, ആഴ്ചയിൽ ഏഴ് ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന ഷാർജയിലെ സ്ഥലങ്ങളിൽ ഈ ദിവസങ്ങളിൽ ഇളവ് ലഭിക്കില്ല എന്ന് നഗരസഭ അറിയിച്ചു. ഇത്തരം പാർക്കിങ് കേന്ദ്രങ്ങളിൽ നീല നിറത്തിൽ മുന്നറിയിപ്പ് ബോർഡുകളുണ്ടാകും. പെരുന്നാൾ ദിവസം ദുബൈ മെട്രോ രാവിലെ അഞ്ച് മുതൽ രാത്രി ഒന്ന് വരെ സർവീസ് നടത്തും. ഗോൽഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ അഞ്ച് മുതലും അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.14 നും ബസ് സർവീസ് ആരംഭിക്കും. സർവീസ് രാത്രി 12.45 വരെ തുടരും.