യു.എ.ഇയിൽ ഇന്ധനവില കുറച്ചു; പെട്രോൾ ലിറ്ററിന് കുറച്ചത് 60 ഫിൽസ്
|ഉയർന്ന ഇന്ധനവില രാജ്യത്തെമ്പാടും അവശ്യസാധനങ്ങളുടെ വിലയിലും കുതിപ്പുണ്ടാക്കി
ദുബൈ: യു.എ.ഇയിൽ ഇന്ധനവില കുറക്കാനുള്ള തീരുമാനം പ്രവാസികളടക്കം രാജ്യനിവാസികൾക്ക് വലിയ ആശ്വാസമായി. പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു.
യു.എ.ഇയിലെ ഇന്ധനവില കഴിഞ്ഞ മാസങ്ങളിൽ കുത്തനെ മുകളിലേക്ക് ഉയർന്നത് സ്ഥാപനങ്ങളുടെ ബജറ്റിനെ മാത്രമല്ല കുടുംബ ബജറ്റിനെയും താളംതെറ്റിച്ചിരുന്നു. വില ഈ മാസം ഇനിയും വർധിക്കുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് വില കുറക്കാനുള്ള തീരുമാനം പുറത്തുവന്നത്. സൂപ്പർ പെട്രോളിന്റെ വില 4 ദിർഹം 63 ഫിൽസിൽ നിന്ന് 4 ദിർഹം 03 ഫിൽസായി. കഴിഞ്ഞമാസം 4 ദിർഹം 52 ഫിൽസ് വിലയുണ്ടായിരുന്ന സ്പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസായി. ഇ പ്ലസ് പെട്രോളിന്റെ വില 4 ദിർഹം 44 ഫിൽസിൽ നിന്ന് 3 ദിർഹം 84 ഫിൽസായി. ഡീസൽ വില 4 ദിർഹം 76 ഫിൽസിൽ നിന്ന് 4 ദിർഹം 14 ഫിൽസായി കുറച്ചു.
ഉയർന്ന ഇന്ധനവില രാജ്യത്തെമ്പാടും അവശ്യസാധനങ്ങളുടെ വിലയിലും കുതിപ്പുണ്ടാക്കി. ഇന്ന് മുതൽ ചായക്ക് വരെ വില വർധിപ്പിക്കുകയാണെന്ന് സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ധനവില കുറക്കുന്നു എന്ന തീരുമാനം എത്തിയത്. ഫുൾടാങ്ക് പെട്രോൾ അടിക്കുമ്പോൾ കഴിഞ്ഞമാസത്തേക്കാൾ 35 ദിർഹത്തിന്റെ കുറവ് ലഭിക്കുന്നുണ്ട് എന്നതാണ് ആശ്വാസകരം. ഉയരുന്ന ജീവിതചെലവ് പിടിച്ചു നിർത്താൻ പുതിയ തീരുമാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.