മലയാള മഹോത്സവത്തിന് ഫുജൈറയിൽ പരിസമാപ്തി
|കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ചടങ്ങ് അനുശോചിച്ചു
മലയാള ഭാഷയെ പ്രവാസലോകത്ത് ജനകീയമാക്കാൻ തീരുമാനിച്ച് മലയാള മഹോത്സവത്തിന് ഫുജൈറയിൽ പരിസമാപ്തി.പുതുതലമുറയെ മലയാളവുമായി ബന്ധിപ്പിക്കുന്ന ആകർഷക പദ്ധതികൾക്ക് രൂപം നൽകണമെന്നും മഹോൽസവം നിർദേശിച്ചു.
മലയാളം മിഷൻ ചെയർമാൻ ഡോ. പുത്തൂർ റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം ഡോ. എം പി അബ്ദുസമദ് സമദാനി എം പി ഉൽഘടനം ചെയ്തു. അറബ് നാട്ടിലെ മലയാളികൾക്ക് ഭാഷാ വ്യാപന രംഗത്ത് പലതും നിർവഹിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള മലയാളം മിഷൻ ഡയറക്റ്ററും കവിയുമായ മുരുകൻ കാട്ടാകട മുഖ്യാതിഥിയായിരുന്നു. വിവിധ മൽസര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ചടങ്ങ് അനുശോചിച്ചു. ഫുജൈറ മലയാളം മിഷൻ മേഖല പ്രസിഡന്റ് സന്തോഷ് ഓമല്ലൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജശേഖരൻ വല്ലത്ത് സംസാരിച്ചു. മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, ഐ എസ് സി ജനറൽ സെക്രട്ടറി സന്തോഷ് കെ മത്തായി, ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി അബ്ദുൽ കാദർ, പ്രസിഡന്റ് ലെനിൻ ജി കുരുവയിൽ, കൽബ ഇന്ത്യൻ സോഷ്യൽ കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ, കോർഫക്കാൻ ഐ എസ് സി വൈസ് പ്രസിഡന്റ് മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. സഞ്ജീവ് മേനോൻ അവതാരകനായി. മലയാള മഹോത്സവം ജനറൽ കൺവീനർ സൈമൺ സാമുവൽ സ്വാഗതവും ഷൈജു രാജൻ നന്ദിയും പറഞ്ഞു.