ഗസ്സ വെടിനിർത്തൽ പ്രമേയം: സ്വാഗതം ചെയ്ത് യു.എ.ഇ
|വടക്കൻ ഗസ്സക്ക് കൂടുതൽ സഹായം
അബൂദബി: റമദാൻ മാസത്തിൽ ഗസ്സയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തെ സ്വാഗതം ചെയ്ത് യു.എ.ഇ. പ്രമേയം നടപ്പാക്കുന്നത് ഗസ്സയിൽ സ്ഥിരം വെടിനിർത്തലിലേക്ക് നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതിസന്ധി അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്ക് കൂടുതൽ ദുരിതം ഉണ്ടാകുന്നത് തടയാനും പ്രമേയം സഹായകമാകുമെന്നാണ് കരുതുന്നതെന്ന് യു.എ.ഇ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇതിനു പുറമെ തടസ്സമില്ലാതെ എളുപ്പത്തിൽ ദുരിതാശ്വാസ സഹായമെത്തിക്കാനും ബന്ദികളുടെ മോചനവും പ്രമേയം സാധ്യമാക്കുമെന്നും പ്രത്യാശിക്കുന്നു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ദ്വിരാഷ്ട്ര പരിഹാര ചർച്ചകളിലേക്ക് മടങ്ങണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. ഗസ്സയിലെ മാനുഷിക ദുരന്തം കുറക്കുന്നതിന് വിവിധ പങ്കാളികളുമായി സഹകരിച്ച് യു.എ.ഇ പ്രവർത്തനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, വടക്കൻ ഗസ്സയിലേക്ക് കൂടുതൽ സഹായം അയച്ച് യു.എ.ഇ. ജോർദാനുമായി ചേർന്ന് പുതുതായി 22 ടൺ ഭക്ഷ്യോൽപന്നങ്ങളും മറ്റും വടക്കൻ ഗസ്സയിൽ എയർഡ്രോപ്പ് ചെയ്തു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ രൂപം നൽകിയ ഗാലൻറ് നൈറ്റ് ത്രി പദ്ധതിയുടെ ഭാഗമായാണ് ഗസ്സയിലേക്കുള്ള യു.എ.ഇ സഹായ പദ്ധതികൾ നടപ്പാക്കി വരുന്നത്.