UAE
ഗ്യാസ്​ വിതരണത്തിന്​ ജർമനിയും യു.എ.ഇയും സുപ്രധാന കരാറിൽ ഒപ്പുവെച്ചു
UAE

ഗ്യാസ്​ വിതരണത്തിന്​ ജർമനിയും യു.എ.ഇയും സുപ്രധാന കരാറിൽ ഒപ്പുവെച്ചു

Web Desk
|
25 Sep 2022 5:47 PM GMT

പുനരുപയോഗ ഊർജ മേഖലയിൽ പരസ്പര വിനിമയം ശക്തമാക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി

ഗ്യാസ്​ വിതരണത്തിന്​ ജർമനിയും യു.എ.ഇയും സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ഊർജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം ചെറുക്കൽ എന്നിവയിൽ സംയുക്ത സംരംഭങ്ങൾ വേഗത്തിലാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്​ കരാർ. പുനരുപയോഗ ഊർജ മേഖലയിൽ പരസ്പര വിനിമയം ശക്തമാക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി.

ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ യു.എ.ഇ സന്ദർശനത്തിലാണ്​ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചത്​. യു.എ.ഇ മന്ത്രി ഡോ. സുൽത്താൻ ആൽ ജബ്​റും ജർമനിയുടെ സാനമ്പത്തികകാര്യ മന്ത്രാലയം സ്​റ്റേറ്റ് സെക്രട്ടറി ഡോ. ഫ്രാൻസിസ്‌ക ബ്രാന്‍റനറുമാണ്​ ഒപ്പുവെച്ചത്​. കരാറനുസരിച്ച്​ അബുദാബി നാഷണൽ ഓയിൽ കമ്പനി ജർമ്മൻ എനർജി കമ്പനിയായ ആർ.‌ഡബ്ല്യു.ഇ എ.ജിക്ക് വർഷാവസാനത്തോടെ ദ്രവീകൃത പ്രകൃതി വാതകം എത്തിക്കും. ജർമ്മൻ കമ്പനികൾക്കായി അഡ്‌നോക് മറ്റ് നിരവധി എൽ.എൻ.ജി കാർഗോകളും എത്തിക്കാൻ ധാരണയുണ്ട്​.

പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങൾക്ക്​ കരുത്ത്​ പകരുന്ന നടപടികളും കരാറിലുണ്ട്​. കാർബൺ പുറന്തള്ളൽ കുറക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹൈഡ്രജന്‍റെ വാഹക ഇന്ധനമായ ലോ-കാർബൺ അമോണിയയുടെ കൈമാറ്റത്തിന്​ ജർമ്മൻ കമ്പനികളുമായി അഡ്‌നോക് കരാറുകളിൽ എത്തി. യു.എ.ഇയിലെ പ്രമുഖ പുനരുപയോഗ ഊർജ സ്ഥാപനമായ മസ്ദർ നോർത്ത്​ കടലിലും ജർമ്മനിയിലെ ബാൾട്ടിക് കടലിലും കാറ്റിൽ നിന്ന്​ ഊർജ ഉൽപാദനത്തിനും ധാരണയായി​.

യുക്രൈൻ യുദ്ധ പശ്​ചാത്തലത്തിൽ ഊർജ ആവശ്യങ്ങൾക്ക്​ റഷ്യയെ ആശ്രയിക്കുന്നത്​ കുറക്കാൻ ലക്ഷ്യമിട്ടുള്ള ജർമനിയുടെ നീക്കങ്ങളുടെ ഭാഗമായാണ്​ യു.എ.ഇയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്​. യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് യൂറോപ്പിന് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനവും റഷ്യയാണ്​ നൽകിയിരുന്നത്​. ജർമ്മനിയിൽ ഉപയോഗിക്കുന്ന ഗ്യാസിന്‍റെ 55 ശതമാനവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തതിരുന്നത്​.

Related Tags :
Similar Posts