ദുബൈയിൽ ജൈ ടെക്സ് മേളക്ക് പരിസമാപ്തി; 1.38 ലക്ഷം സന്ദർശകരെത്തി
|ടെക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും വിൽപന നടന്നതും ഇത്തവണയാണെന്ന് സംഘാടകർ പറഞ്ഞു
ദുബൈ: ദുബൈയിൽ ജൈ ടെക്സ് മേളക്ക് പരിസമാപ്തി. 1.38 ലക്ഷം പേരാണ് അഞ്ചു നാൾ നീണ്ട മേളക്കെത്തിയത്. ടെക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും വിൽപന നടന്നതും ഇത്തവണയാണെന്ന് സംഘാടകർ പറഞ്ഞു.
അവസാന ദിനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള സന്ദർശിക്കാനെത്തി. യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും സന്നിഹിതനായിരുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 5000ഓളം സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുത്തത്. തങ്ങളുടെ ഉൽപന്നങ്ങൾ ലോകത്തിന് പരിചയപ്പെടുത്താനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടെത്തിയവർക്ക് ജൈടെക്സ് നൽകിയത് നിറഞ്ഞ സംതൃപ്തി. ദുബൈയിലെ സർക്കാർ സ്ഥാപനങ്ങളും കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുമെല്ലാം ലക്ഷങ്ങളുടെയും കോടികളുടെയും കരാറുകൾ ഒപ്പുവെച്ചു.
ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വിവിധ കമ്പനികളുമായി അഞ്ച് കരാറുകളാണ് ഒപ്പുവെച്ചത്. വീട്ടിലിരുന്ന് എമിറേറ്റ്സ് ഐ.ഡി എടുക്കാം, ഫേസ് ഐ.ഡി ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാം ഉൾപ്പെടെയുള്ള പ്രഖ്യാപനവും ജൈടെക്സിലാണ് നടന്നത്. കേരളത്തിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 200ഓളം കമ്പനികൾ പങ്കെടുത്തു. കേരളത്തിൽ നിന്ന് സ്റ്റാർട്ടപ്പ് മിഷന് കീഴിൽ 40 സ്റ്റാർട്ടപ്പുകളും ഐ.ടി മിഷന്റെ നേതൃത്വത്തിൽ 30 സ്ഥാപനങ്ങളും പങ്കെടുത്തു. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 25 ഹാളിലായിരുന്നു പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഭാഗം കൂടുതൽ ഒരുക്കിയിരുന്നു.