ഗോ ഫസ്റ്റ് സർവീസ് റദ്ദാക്കി: കൂടുതൽ സർവീസുകൾ നിലച്ചേക്കും, കണ്ണൂർ യാത്രക്കാർക്ക് തിരിച്ചടി
|എയർ ഇന്ത്യ എക്സ്പ്രസും ഗോ ഫസ്റ്റും മാത്രമാണ് യു.എ.ഇയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് വിമാന സർവീസുകൾ റദ്ധാക്കിയതോടെ കണ്ണൂർ യാത്രക്കാർ ആശങ്കയിൽ. എയർ ഇന്ത്യ എക്സ്പ്രസും ഗോ ഫസ്റ്റും മാത്രമാണ് യു.എ.ഇയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ ഗോ ഫസ്റ്റ് കൂടി നിലച്ചാൽ കണ്ണൂർ യാത്രക്കാർക്ക് ഇരട്ട ആഘാതമായി മാറും. .
ദുബൈയിൽ നിന്ന് നിത്യവും ഒരു സർവീസും അബൂദബിയിൽ നിന്ന് നാല് സർവീസുമാണ് ഗോ ഫസ്റ്റ് നടത്തുന്നത്. മേയ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സർവീസുകൾ ഉണ്ടായിരിക്കില്ല എന്നാണ് നിലവിൽ ഗോ ഫസ്റ്റ്അധികൃതർ അറിയിച്ചിരിക്കുന്നത്. തുടർന്നുള്ള സർവീസുകളുടെ കാര്യം എന്താകുമെന്ന കൃത്യമായ ചിത്രവും ലഭ്യമല്ല. ജൂണിലെ അവധിക്കാലം മുന്നിൽകണ്ട് നേരത്തെ ഗോ ഫസ്റ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവരുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വൈകൽ സ്ഥിരമായതിനാൽ നല്ലൊരു ശതമാനം ആളുകളും ഗോ ഫെസ്റ്റിനെയാണ് ആശ്രയിക്കുന്നത്.
റദ്ധാക്കിയ ദിനങ്ങളിലെ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് എല്ലാ തുകയും തിരിച്ചു നൽകുമെന്നാണ് ഗോ ഫെസ്റ്റിന്‍റെ അറിയിപ്പ്. എന്നാൽ, ഈ ദിനങ്ങളിൽ കൂടുതൽ തുക നൽകി ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ്പ്രവാസികൾ. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചതിനാലും കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ഏർപ്പെടുത്തിയതിനാലും നിരവധി പേരാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തത്. യു.എ.ഇക്ക് പുറമെ മസ്കത്തിലേക്കുള്ള വിമാന സർവീസുകളും റദ്ധാക്കിയിട്ടുണ്ട്. കണ്ണൂരിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ ഇനിയും അനുമതി ലഭിക്കാത്തതും പ്രശ്നമാണ്.