യു.എ.ഇയിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികളുടെ ഫീസ് കുടിശിക ഒഴിവാക്കാൻ ഉത്തരവ്
|പദ്ധതി സഹായകമാവുക പ്രവാസി വിദ്യാർഥികൾക്ക്
യു.എ.ഇ: യു.എ.ഇയിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫീസ് കുടിശ്ശിക ഒഴിവാക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്. ഇതിനായി 155 മില്യൺ ദിർഹം ചെലവഴിക്കും. യു.എ.ഇ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പ്രവാസി വിദ്യാർഥികൾക്കാണ് ഈ തീരുമാനം സഹായകമാവുക.
യു.എ.ഇ സ്വദേശികൾ, ജി.സി.സി. പൗരൻമാർ, പ്രത്യേക ഉത്തരവ് പ്രകാരം പ്രവേശനം നൽകിയ വിദ്യാർഥികൾ തുടങ്ങി യു.എ.ഇയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഒട്ടുമിക്ക വിദ്യാർഥികളുടെയും പഠനം സൗജന്യമാണ്. എന്നാൽ 20ശതമാനത്തോളം വരുന്ന മറ്റു വിദ്യാർഥികൾ 6000 ദിർഹം ട്യൂഷൻ ഫീസ് നൽകണം. മറ്റു രാജ്യക്കാരായ പ്രവാസികളുടെ മക്കളാണ് ഇവർ. പുതിയ അക്കാദമിക് വർഷം വരെ ഫീസിനത്തിൽ വരുത്തിയ കുടിശ്ശികയാണ് പ്രസിഡന്റ് പ്രഖ്യാപിച്ച പദ്ധതി പ്രകാരം എഴുതിത്തള്ളുക. എമിറേറ്റ്‌സ് സ്‌കൂൾ എജുക്കേഷൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഓരോ സർക്കാർ സ്‌കൂളുകളിലും പ്രവാസി വിദ്യാർഥികളുടെ എണ്ണം 20ശതമാനത്തിന് മുകളിലാവരുതെന്ന് നിർദേശമുണ്ട്. ഫീസ് കുടിശ്ശിക ഒഴിവാക്കാനുള്ള തീരുമാനം ഒട്ടേറെ പേർക്ക് അനുഗ്രഹമായി മാറും.