യു.എ.ഇ - ജി20 വ്യാപാര ബന്ധത്തില്‍ വൻ മുന്നേറ്റം
|2022 ൽ നടന്നത് 34,100 കോടി ഡോളർ ഇടപാട്
ജി20 രാജ്യങ്ങളും യു.എ.ഇയും തമ്മിലെ വ്യാപാര നിക്ഷേപ ബന്ധങ്ങളിൽ വൻമുന്നേറ്റം. കഴിഞ്ഞ വർഷം മാത്രം ജി20 രാജ്യങ്ങളുമായി 34,100 കോടിയുടെ എണ്ണയിതര വ്യാപാരം നടന്നു. ആഗോള തലത്തിൽ യു.എ.ഇയുടെ എണ്ണയിതര വ്യാപാരത്തിന്റെ 55 ശതമാനം വരുമിത്. 2021നെഅപേക്ഷിച്ച് ജി20 രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപാരത്തിൽ 21 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2020നെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധനവാണിത്. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് ജി20 രാജ്യങ്ങൾ. കഴിഞ്ഞവർഷം 43 ശതമാനത്തിന്റെ എണ്ണയിതര വ്യാപാരമാണ് ജി. 20 രാജ്യങ്ങളുമായി നടന്നത്..
പുനർകയറ്റുമതിയുടെ 39 ശതമാനവും ഇറക്കുമതിയുടെ 69 ശതമാനവുമാണ് ജി20 രാജ്യങ്ങളുമായി നടന്നത്. 2023ന്റെ ആദ്യ പകുതിപിന്നിടുമ്പോൾ ജി20 രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപാരത്തിൽ 10.6 ശതമാനത്തിന്റെ വളർച്ചയുണ്ട്. ഇതുവരെ 23.4 ശതകോടി ഡോളറിന്റെ വ്യാപാരമാണ് ഈ രാജ്യങ്ങളുമായി നടന്നത്. ഈ കാലയളവിൽ പുനർകയറ്റുമതി 14 ശതമാനം വർധിച്ച് 38 ശതകോടി ഡോളറിലെത്തി. ഇറക്കുമതി 15.2 ശതമാനം വർധിച്ച് 120.5 ശതകോടി ഡോളറായി. യു.എ.ഇ, ജി 20 ബന്ധം കൂടുതൽ കരുത്താർജിക്കുകയാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ എത്തിയതായിരുന്നു വിദേശകാര്യ സഹ മന്ത്രി.